'മലയാളഭാഷാ ഗദ്യസാഹിത്യത്തിന്റെ വളര്‍ച്ച' കേരള റൈറ്റേഴ്സ് ഫോറം ചര്‍ച്ചാസമ്മേളനം നടത്തി
Friday, May 22, 2015 5:05 AM IST
ഹൂസ്റന്‍: ഹൂസ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടെയും വായനക്കാരുടെയും ആസ്വാദകരുടെയും സംയുക്ത സംഘടനയായ കേരള റൈറ്റേഴ്സ് ഫോറം മേയ് 16-ാം തീയതി വൈകുന്നേരം ഹൂസ്റനിലെ സ്റാഫോര്‍ഡിലുള്ള കേരള ഹൌസ് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രതിമാസ ചര്‍ച്ചാ സമ്മേളനം നടത്തി. പ്രസിദ്ധ കഥാകൃത്തായ ജോണ്‍ കുന്തറ സാഹിത്യചര്‍ച്ചാ സമ്മേളനത്തിലെ അധ്യക്ഷനായി യോഗനടപടികള്‍ നിയന്ത്രിച്ചു.

മലയാള ഭാഷാ ഗദ്യസാഹിത്യത്തിന്റെ വളര്‍ച്ച, തമിഴ് ചുവയുണ്ടായിരുന്ന മലയാണ്മയില്‍നിന്നു ചടുലമായ മലയാളഗദ്യം രൂപപ്പെട്ടതിന്റെ കഥയും നാള്‍വഴികളും വിവരിച്ചുകൊണ്ടുള്ള ഇപ്രാവശ്യത്തെ പ്രതിമാസ സമ്മേളനം നയിച്ചത് ഈശോ ജേക്കബാണ്. ഭാഷാസാഹിത്യ ചരിത്രത്തെയും പ്രത്യേകിച്ച് ഗദ്യഭാഷാ സാഹിത്യത്തെയും ഓരോ ദശകങ്ങളായി വിഭജിച്ച് പരക്കേ അംഗീകൃതമായ മാനദണ്ഡങ്ങളെ അവലംബമാക്കിയായിരുന്നു അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചത്. ഓരോ കാലത്തുള്ള ജനങ്ങളുടെ പരിതസ്ഥിതികളും, ചുറ്റുപാടുകളും, സാമൂഹികസാംസ്കാരിക രീതികളും പോലെ തന്നെ ഭാഷയും, ഭാഷാ സാഹിത്യവും രൂപപ്പെട്ടുകൊണ്ടിരിക്കും. മലയാള ഗദ്യഭാഷാ സാഹിത്യവും അതില്‍നിന്ന് ഒട്ടും ഭിന്നമല്ലെന്ന് ഈശോ ജേക്കബ് പറഞ്ഞു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ മലയാള ഭാഷാ സാഹിത്യചരിത്രത്തിലെ ഗദ്യത്തിന്റെ വളര്‍ച്ചയെയും വികാസ പരിണാമങ്ങളേയും ആസ്പദമാക്കി ഗവേഷണാത്മകമായി തന്നെ വൈവിധ്യമേറിയ അഭിപ്രായങ്ങളും പഠനങ്ങളും കാഴ്ചവച്ച് ജോണ്‍ മാത്യു, മാത്യു മത്തായി, ദേവരാജ് കുറുപ്പ്, ബോബി മാത്യു, ജെയിംസ് ചാരക്കാ, എ. സി ജോര്‍ജ്, പീറ്റര്‍ ജി പൌലോസ്, ബിജു മോഹന്‍, ബാബു കുറൂര്‍, മോഹന്‍ നായര്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തി.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്