മൂന്നു കോളജ് ബിരുദം നേടിയ പതിനൊന്നുകാരനെ കാണാന്‍ അമേരിക്കന്‍ പ്രസിഡന്റിനു മോഹം
Saturday, May 23, 2015 7:41 AM IST
കാലിഫോര്‍ണിയ: സാക്രമെന്റോ കോളജിന്റെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി 11 വയസുകാരന്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥി ടാനിഷ് ഏബ്രഹാം മൂന്നു ബിരുദങ്ങള്‍ ഒന്നിച്ചു കരസ്ഥമാക്കി ചരിത്രം കുറിച്ചതായി കോളജ് അധികൃതര്‍ വെളിപ്പെടുത്തി.

കണക്ക്, ഫിസിക്കല്‍ സയന്‍സ്, ജനറല്‍ സയന്‍സ് എന്നീ മൂന്നു വിഷയങ്ങളിലാണ് ടാനിഷ്, കമ്യൂണിറ്റി കോളജില്‍ നിന്നും മൂന്നു അസോസിയേറ്റ് ഡിഗ്രി കരസ്ഥമാക്കിയത്.

മേയ് 20നു നടന്ന ബിരുദദാന ചടങ്ങില്‍ റെയ്ന്‍ബോ കളര്‍ സ്കാര്‍ഫും ക്യാപ്പും ധരിച്ച് ആയിരത്തി എണ്ണൂറോളം ഗ്രാജുവേറ്റ് വിദ്യാര്‍ഥികളുടെ ഇടയില്‍ നിന്നും ടാനിഷ് സ്റേജിലെത്തിയപ്പോള്‍ ചടങ്ങില്‍ സംബന്ധിച്ച എല്ലാവരും ആദരപൂര്‍വം എഴുന്നേറ്റു നിന്ന് കൈയടിച്ച് അഭിവാദ്യം ചെയ്തു.

ഡോ. ബിജോ ഏബ്രാഹാമിന്റേയും ഡോ. രാജിയുടെയും മകനായ ടാനിഷ് പത്താം വയസില്‍ ഹൈസ്കൂള്‍ ഗ്രാജുവേറ്റ് ചെയ്തത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ടാനിഷ് സ്കൂളില്‍ പോയി വിദ്യാഭ്യസം നടത്തിയിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. മാതാവിന്റെ ശിക്ഷണത്തില്‍ വീട്ടിലിരുന്നായിരുന്നു പഠനം. ഏഴു വയസ് മുതല്‍ അമേരിക്കന്‍ റിവര്‍ കമ്യൂണി കോളജില്‍ പഠനം തുടരുന്നതിനായി മാതാവാണ് കുട്ടിയെ കോളജില്‍ എത്തിച്ചിരുന്നത്.

ഉന്നത വിജയം കൈവരിച്ച ടാനിഷിനെ അമേരിക്കന്‍ പ്രസിഡന്റും കാലിഫോര്‍ണിയാ സംസ്ഥാന നേതാക്കളും അഭിനന്ദിച്ചു.

ഭാവിയില്‍ എന്തായി തീരണമെന്ന ചോദ്യത്തിനു ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് എന്നായിരുന്ന ടാനിഷിന്റെ മറുപടി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍