അന്ധവിശ്വാസങ്ങള്‍ അസഹിഷ്ണുതയ്ക്കു കാരണമാകും: ഉപരാഷ്ട്രപതി
Monday, May 25, 2015 7:53 AM IST
ബംഗളൂരു: അന്ധമായ വിശ്വാസങ്ങള്‍ അസഹിഷ്ണുതയിലേക്കു നയിക്കുമെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. അന്ധവിശ്വാസങ്ങള്‍ മനുഷ്യമനസിന്റെ വിശാലത ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ചാമത് ഓള്‍ ഇന്ത്യ പീപ്പിള്‍സ് സയന്‍സ് കോണ്‍ഗ്രസ് ബംഗളൂരുവില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സാമൂഹ്യമാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശാസ്ത്രത്തിനു കഴിയുമെന്നും ഹാമിദ് അന്‍സാരി പറഞ്ഞു.

സാമൂഹ്യ വികസനത്തിനു തടസം സൃഷ്ടിക്കുന്ന ദാരിദ്യ്രം, അജ്ഞത, അന്ധവിശ്വാസങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. അറിവു നേടാനുള്ള ഏറ്റവും പ്രധാന മാര്‍ഗം വിദ്യാഭ്യാസമാണ്. എന്നാല്‍ വിദ്യാഭ്യാസത്തിന് അന്ധവിശ്വാസത്തെ നേരിടാന്‍ കഴിയുന്നുണ്േടാ എന്നു ചിന്തിക്കേണ്ടതുണ്െടന്നും ഉപരാഷ്ട്രപതി പറഞ്ഞു. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല അധ്യക്ഷത വഹിച്ചു. ശാസ്ത്ര മേഖലയിലെ നൂതന ചിന്തകളും കണ്ടുപിടിത്തങ്ങളും സാമൂഹ്യക്ഷേമം മുന്‍നിര്‍ത്തിയുള്ളതാകണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ചടങ്ങില്‍ പ്രമുഖ ശാസ്ത്രജ്ഞന്‍ സി.എന്‍.ആര്‍. റാവു, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ യു.ആര്‍. റാവു എന്നിവരും പ്രസംഗിച്ചു. കര്‍ണാടക രാജ്യ വിജ്ഞാന പരിഷത്തും ഭാരതജ്ഞാന വിജ്ഞാന സമിതിയും സഹകരിച്ചുള്ള സമ്മേളനം നാലു ദിവസം നീളും.