ബ്രിസ്റോളില്‍ കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു
Tuesday, May 26, 2015 6:15 AM IST
ബ്രിസ്റോള്‍: വിശ്വാസവെളിച്ചത്തിന്റെ പ്രഭാ പൂരത്തില്‍ ബ്രിസ്റോള്‍ സീറോമലബാര്‍ പള്ളിയില്‍ പെന്തക്കുസ്ത തിരുനാള്‍ സമുചിതമായി ആചരിച്ചു.

പള്ളി നിറഞ്ഞുകവിഞ്ഞ വിശ്വാസ സമൂഹത്തോടുചേര്‍ന്നു പള്ളി വികാരിയും ക്ളിഫ്ടന്‍ രൂപത സീറോ മലബാര്‍ ചാപ്ളെയിനുമായ ഫാ. പോള്‍ വെട്ടിക്കാട്ട്, പാലാ രൂപതയില്‍നിന്നുള്ള വൈദികരായ സെന്റ് തോമസ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് മംഗലത്ത്, അധ്യാപകന്‍കൂടിയായ പ്രമുഖ സംഗീതഞ്ജന്‍ ഫാ. ജീവന്‍ കദളിക്കാട്ടില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ നടന്ന സമൂഹബലി വിശ്വാസികള്‍ക്കു മറ്റൊരു ഉണര്‍വേകി. സമൂഹബലിക്കുശേഷം ശേഷം നടന്ന വിദ്യാരംഭത്തില്‍ നിരവധി കുട്ടികള്‍ പരിശുദ്ധ സന്നിധിയില്‍ ആദ്യാക്ഷരം കുറിച്ചു.

ലോകത്ത് ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്ന പാലാ രൂപതയില്‍നിന്നുള്ള അധ്യാപക വൈദികരുടെ സാന്നിധ്യം സമൂഹത്തിനുമേലുള്ള ഈശ്വര കൃപയുടെ പ്രതീകമാണെന്ന് 'വിദ്യാരംഭം' നിലവിളക്കു തെളിച്ചു ഫാ. പോള്‍ വെട്ടിക്കാട്ട് പറഞ്ഞു. സിസ്റര്‍ ലീന മേരി, സണ്‍ഡേ സ്കൂള്‍ അസിസ്റന്റ് ഹെഡ് ടീച്ചര്‍ ജെയിംസ് ഫിലിപ്പ്, കൈക്കാരന്മാരായ ജോണ്‍സണ്‍ മാത്യു, സിജി വാധ്യാനത് എന്നിവര്‍ വൈദികര്‍ക്കൊപ്പം തിരിതെളിച്ചു. തുടര്‍ന്നു കുരുന്നു കുട്ടികള്‍ ഓരോരുത്തരെയായി ഫാ. ജയിംസ് മംഗലത്ത്, ഫാ. ജീവന്‍ കദളിക്കാട്ടില്‍ എന്നിവര്‍ ആദ്യാക്ഷരം കുറിപ്പിച്ചു.

റിപ്പോര്‍ട്ട്: മാനുവല്‍ മാത്യു