അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി റിക് സന്റോറം രംഗത്ത്
Thursday, May 28, 2015 8:18 AM IST
പെന്‍സില്‍വാനിയ: മുന്‍ യുഎസ് സെനറ്റര്‍ റിക്ക് സന്റോറം 2016ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിത്വം ലഭിക്കുന്നതിനു രംഗത്ത്.

മേയ് 27 നു പെന്‍സില്‍വാനിയായിലെ കേമ്പട്ടില്‍ നടന്ന ഒരു ചടങ്ങിലാണു റിക് സന്റോറം ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 2011 ല്‍ നാലുവര്‍ഷം മുമ്പു നടന്ന റിപ്പബ്ളിക്കന്‍ പ്രൈമറിയില്‍ റണ്ണര്‍ അപ്പായിരുന്ന റിക്ക് സന്റോറം ഭാര്യ കേരണ്‍, മകള്‍ എലിസബത്ത് എന്നിവര്‍ക്കൊപ്പമാണു പ്രത്യേക ചടങ്ങില്‍ പങ്കെടുത്തത്.

മുന്‍ ഫ്ളോറിഡ ഗവര്‍ണര്‍ ജെബ് ബഷ്, ടെക്സസ് മുന്‍ ഗവര്‍ണര്‍ റിക്ക് പെറി എന്നിവര്‍ക്കൊപ്പം മത്സര രംഗത്തിറങ്ങിയ റിക് സന്റോറം റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിത്വം നേടുമോ എന്നു വ്യക്തമായി പറയുവാന്‍ സാധ്യമല്ലെങ്കിലും സാഹചര്യങ്ങളും നയപരമായ സമീപനവും റിക് സന്റോറമിനാണു മുന്‍തൂക്കം. 2016 ല്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിത്വം ലഭിക്കുന്നതിനു രംഗത്തിറങ്ങിയ ഏഴാമനാണു റിക്.

തികഞ്ഞ ഒരു കത്തോലിക്കാ വിശ്വാസിയായി റിക് സ്വവര്‍ഗ വിവാഹത്തിനെതിരേ ശക്തമായി പ്രചാരണം നടത്തിയത് യഥാസ്ഥിതിക ക്രൈസ്തവരുടെ പിന്തുണ നേടിയെടുത്തിട്ടുണ്ട്. 2016 നവംബറിലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പു നടക്കുന്ന പ്രൈമറിയില്‍ വിജയിച്ചാല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം ലഭിക്കുമെന്നു കരുതപ്പെടുന്ന ഹില്ലരി ക്ളിന്റനുമായിട്ടായിരിക്കും പ്രധാന മത്സരം.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍