അഭയാര്‍ഥി ക്വോട്ട: ജര്‍മനി കൂടുതലാളുകളെ ഏറ്റെടുക്കാന്‍ ധാരണയായി
Thursday, May 28, 2015 8:31 AM IST
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കിടയില്‍ അഭയാര്‍ഥികളെ പങ്കുവയ്ക്കാനുള്ള ക്വോട്ട നിശ്ചയിക്കുമ്പോള്‍ കൂടുതല്‍ ആളുകളെ ജര്‍മനി ഏറ്റെടുക്കും.

രണ്ടു വര്‍ഷമെടുത്ത് അറുപതിനായിരം പേരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയാണു യൂറോപ്യന്‍ യൂണിയന്‍ തയാറാക്കുന്നത്. ഇതില്‍ 11,849 പേരെ ഏറ്റെടുക്കാന്‍ ജര്‍മനി സന്നദ്ധത അറിയിച്ചു. ആകെ അഭയാര്‍ഥികളില്‍ ഇരുപതു ശതമാനം വരും ഇത്.

അഭയാര്‍ഥിത്വ അപേക്ഷകളില്‍ ക്രമാതീതമായ വര്‍ധന വന്നപ്പോള്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍തന്നെയാണു ക്വോട്ട സമ്പ്രദായം എന്ന ആശയം യൂറോപ്പില്‍ ആദ്യമായി മുന്നോട്ടുവയ്ക്കുന്നത്. മെഡിറ്ററേനിയന്‍ സമുദ്രത്തിലൂടെ യൂറോപ്പിലേക്കു കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികളില്‍ പലരും ബോട്ടപകടങ്ങളില്‍ മരിക്കുന്നതു സര്‍വസാധാരണമായതോടെയാണ് ഈ നിര്‍ദേശത്തിനു യൂണിയനില്‍ ആകമാനം പൊതു സ്വീകാര്യത കൈവന്നത്.

തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ക്വോട്ട സമ്പ്രദായത്തെ സ്വാഗതം ചെയ്യുമ്പോള്‍ യുകെയും ചില കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും ഇതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. പങ്കുവയ്ക്കാനുള്ള അഭയാര്‍ഥികളില്‍ മൂന്നില്‍രണ്ട് ആളുകളും ഇപ്പോള്‍ ഇറ്റലിയിലും ഗ്രീസിലുമാണുള്ളത്. കടല്‍ കടന്ന് നേരിട്ട് എത്താന്‍ ഏറ്റവും എളുപ്പമുള്ള രാജ്യങ്ങളാണ് ഇറ്റലിയും ഗ്രീസും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍