സെന്റ് തോമസ് കാത്തലിക് കമ്യൂണിറ്റി ഇടവകയായി
Wednesday, June 3, 2015 6:11 AM IST
ബ്രിസ്ബേന്‍: ബ്രിസ്ബേന്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയിലെ അംഗങ്ങള്‍ മേയ് 24നു ഹോളണ്ട് പാര്‍ക്ക് സെന്റ് ജോവാകിം പള്ളിയില്‍ കൂടി മെല്‍ബണ്‍ രൂപതയുടെ കീഴില്‍ ഇടവകയായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു.

കമ്യൂണിറ്റിയുടെ ചാപ്ളെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം അധ്യക്ഷത വഹിച്ച യോഗത്തില്‍ സെന്റ് ജോവാകിം പള്ളി വികാരി ഫാ. ജോസഫ് തോട്ടന്‍കര മോഡറേറ്റര്‍ ആയിരുന്നു.

ഇടവകയായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനമെടുത്ത പൊതുയോഗത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി അനുമോദിച്ചു. അംഗങ്ങളുടെ സഹകരണം തുടര്‍ന്നും ഉണ്ടാവണമെന്നും കമ്മിറ്റി അംഗങ്ങള്‍ അപേക്ഷിച്ചു.

മെല്‍ബണ്‍ രൂപത നിലവില്‍വന്നതിന്റെ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ രൂപതയോടു ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള കമ്യൂണിറ്റിയുടെ തീരുമാനം അഭിനന്ദനാര്‍ഹമാണെന്നു മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ അഭിപ്രായപ്പെട്ടു. മെല്‍ബണ്‍ രൂപതയിലെ ഇടവകയായി പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്ത മുഴുവന്‍ അംഗങ്ങളെയും വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ അനുമോദിച്ചു.

റിപ്പോര്‍ട്ട്: ടോം ജോസഫ്