മെല്‍ബണില്‍ തോമാശ്ളീഹായുടെയും സെബാസ്ത്യാനോസിന്റെയും തിരുനാള്‍ ജൂലൈ അഞ്ചിന്
Saturday, June 6, 2015 8:43 AM IST
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ സൌത്ത്-ഈസ്റ് ഇടവകയുടെ നേതൃത്വത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ളീഹായുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ജൂലൈ നാല്, അഞ്ച് തീയതികളില്‍ ആഘോഷിക്കുന്നു.

ജൂണ്‍ ഏഴിന് ഡാന്‍ഡിനോംഗ് സെന്റ് ജോണ്‍സ് കോളജ് ഹാളില്‍ ഫാ. ഏബ്രഹാം കുന്നത്തോളിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധര്‍ബാന മധ്യേ ഈ വര്‍ഷത്തെ 117 തിരുനാള്‍ പ്രസുദേന്തിമാരെ വാഴിക്കും. ജൂണ്‍ 26 മുതല്‍ ഒന്‍പതു ദിവസങ്ങളില്‍ ഇടവകയുടെ വിവിധ സെന്ററുകളില്‍ തിരുനാളിനൊരുക്കമായുള്ള നൊവേനയും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.

28നു രാവിലെ 9.30ന് ഡാന്‍ഡിനോംഗ് സെന്റ് ജോണ്‍സ് കോളജ് ഹാളില്‍ ഇടവക വികാരി ഫാ. ഏബ്രഹാം കുന്നത്തോളി കൊടിയേറ്റ് നിര്‍വഹിക്കുന്നതോടെ തിരുനാളോഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും. തുടര്‍ന്നു നടക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും.

തിരുനാള്‍ ദിനമായ ജൂലൈ അഞ്ചിന് (ഞായര്‍) രാവിലെ ഡാന്‍ഡിനോംഗ് സെന്റ് ജോണ്‍സ് കോളജ് സ്റേഡിയത്തില്‍ നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചു നടക്കുന്ന പ്രദക്ഷിണത്തില്‍ 30 ഓളം കലാകാരന്മാര്‍ അണിനിരക്കുന്ന ശിങ്കാരി മേളവും ബാന്‍ഡ്സെറ്റും ഉണ്ടായിരിക്കും. സ്നേഹവിരുന്നോടെ തിരുനാളോഘോഷങ്ങള്‍ സമാപിക്കും.

ഇടവക വികാരി ഫാ. എബ്രാഹാം കുന്നത്തോളി, ട്രസ്റിമാരായ ടിസന്‍ സെബാസ്റ്യന്‍, ജോഷ് പൈകട, സിജോ മാത്യു എന്നിവരുടെയും പാരീഷ് കൌണ്‍സിലിന്റെയും നേതൃത്വത്തില്‍ തിരുനാളിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. തിരുനാളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഏബ്രഹാം കുന്നത്തോളി അറിയിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍