ഓസ്ട്രലിയിലെ അടുക്കള തോട്ടങ്ങള്‍
Saturday, June 6, 2015 8:50 AM IST
മെല്‍ബണ്‍: ഓസ്ട്രലിയയില്‍ കുടിയേറിയ മലയാളികള്‍ പൊതുവേ കൃഷികാര്യങ്ങളില്‍ തല്‍പ്പരരാണ്. നമ്മുടെ സ്വന്തം പാവക്കയും വെണ്ടക്കയും കഴിക്കാനുള്ള മോഹം മാത്രമല്ല, ജോലിയുടെയും മറ്റും ടെന്‍ഷനില്‍നിന്നും ആശ്വാസം നല്‍കുന്ന നല്ല വൈദ്യന്‍ പ്രകൃതി തന്നെ എന്ന തിരിച്ചറിവുംകൂടി ഇതിനു പിന്നിലുണ്ട്.

ഇന്ത്യയുടെ ഇരട്ടിയിലധികം വലുപ്പം വരുന്ന ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത കാലാവസ്ഥയാണുള്ളത്. ക്യുന്‍സ്ലാന്‍ഡ് എന്ന സംസ്ഥാനം പൊതുവേ കേരളത്തിലെ കാലാവസ്ഥയാണെന്നു പറയാം. അതുകൊണ്ടു തന്നെ നമ്മുടെ നാട്ടിലെ ചക്കയും മാങ്ങയും തേങ്ങയുമെല്ലാം സുലഭമാണ്. നമ്മുടേതെന്നു കരുതുന്ന കറിവേപ്പും കാച്ചിലും കപ്പയും ചേനയും ചീനിമുളകും കോവക്കയുമൊക്കെ അവിടെ ധാരാളം വിളയുന്നു.

വിത്തുകളും നടില്‍വസ്തുക്കളും ഒരു പ്രദേശത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനെതിരെ നിയമങ്ങളും നിയന്ത്രണങ്ങളും നിലവിലുള്ള രാജ്യമാണ് ഓസ്ട്രേലിയ. വിദേശത്തുനിന്നും വിത്തുകള്‍ കൊണ്ടുവരുന്നവര്‍ ശിക്ഷിക്കപ്പെടും.

ഇതൊക്കെയാണെങ്കിലും ഓസ്ട്രേലിയയുടെ എല്ലാഭാഗങ്ങളിലും മലയാളികള്‍ തങ്ങള്‍ക്കു പ്രിയപ്പെട്ട പച്ചക്കറികള്‍ നട്ടു വളര്‍ത്തുന്നുണ്ട്.

വേനല്‍ക്കാലം തുടങ്ങുന്ന നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിത്ത് മുളപ്പിച്ചു തുടങ്ങും. പലരും ചട്ടികളിലാണ് കൃഷി. ഭൂമി കിളച്ചു വാനം മാന്തി കാലിവളവും കമ്പോസ്റും അടിവളമായി ചേര്‍ത്ത് നിലമൊരുക്കി കൃഷിചെയ്യുന്നവരും ധാരാളം. പായ്ക്കറ്റായി വാങ്ങാന്‍ കിട്ടുന്നകാലിവളവും കോഴിവളവും കമ്പോസ്റുമാണ് കൂടുതല്‍പേരും ഉപയോഗിക്കുന്നത്. എന്നാല്‍ വിലക്കുറവും ഗുണമേന്മയും കുതിര ചാണകത്തിനാണെന്നു പരിചയ സമ്പന്നര്‍ പറയുന്നു.

വെണ്ട, ചിര, മുളക്, വഴുതന, പയര്‍വര്‍ഗങ്ങള്‍, കോവല്‍, വെള്ളരി, കുമ്പളം, പടവലം, പാവല്‍ തുടങ്ങിയ വേനല്‍ക്കാല പച്ചക്കറികള്‍ എല്ലാം തന്നെ കൃഷിചെയ്യുന്നു. കീടങ്ങളുടെ ഉപദ്രവം തിരെ ഇല്ല എന്നു തന്നെ പറയാം.

മേയ്, ജൂണ്‍ മാസങ്ങളില്‍ ശീതകാലം എത്തുന്നതോടെ വിളവെടുപ്പ് അവസാനിക്കും. പലരും വിളകള്‍ കൂട്ടുകാരുമായി പങ്കുവയ്ക്കുകയാണ് പതിവ്. അധികമുള്ളത് ഫ്രീസറില്‍ സുക്ഷിക്കും. ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ച് കിടനാശിനികള്‍ ഉപയോഗിക്കാതെ തികച്ചും ആരോഗ്യപ്രദമായ പച്ചക്കറികളാണു ഓസ്ട്രേലിയയിലെ ആയിരക്കണക്കിനു അടുക്കളത്തോട്ടങ്ങളില്‍ വിളയിക്കുന്നത്.

റിപ്പോര്‍ട്ട്: ഷാജി അയ്മനം