മില്‍പാര്‍ക്ക് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍
Thursday, June 11, 2015 8:13 AM IST
മെല്‍ബണ്‍: അദ്ഭുതപ്രവര്‍ത്തകനുമായ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ മെല്‍ബണിലെ മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ദേവാലയത്തില്‍ ആഘോഷിക്കുന്നു.

ജൂണ്‍ 19നു (വെള്ളി) വൈകുന്നേരം 6.30ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയും വിശുദ്ധ അന്തോണീസിന്റെ നൊവേനയും ഉണ്ടായിരിക്കും. തുടര്‍ന്നു വിശുദ്ധന്റെ തിരുസ്വരൂപവും പാദുവായില്‍ നിന്നും കൊണ്ടുവന്ന തിരുശേഷിപ്പും വഹിച്ചുകൊണ്ടു ദേവാലയം ചുറ്റിയുള്ള പ്രദക്ഷിണവും നടക്കും. തുടര്‍ന്നു വിശ്വാസികള്‍ക്കു വിശുദ്ധന്റെ തിരുശേഷിപ്പു വണങ്ങുന്നതിനുള്ള പ്രത്യേക സൌകര്യവും ഉണ്ടായിരിക്കും. സ്നേഹവിരുന്നോടെ ആഘോഷങ്ങള്‍ സമാപിക്കും.

അദ്ഭുതപ്രവര്‍ത്തകനായ പുണ്യവാന്‍, പുതിയ നിയമത്തിന്റെ പേടകം, അവിശ്വാസികളുടെ ചുറ്റിക, അസീസിയുടെ അരുമശിഷ്യന്‍ എന്നീ അപരനാമങ്ങളുള്ള വിശുദ്ധ അന്തോണീസ്, കാണാതെ പോയ വസ്തുക്കളുടെയും അപകടത്തില്‍ ചരിക്കുന്ന യാത്രക്കാരുടെയും മക്കളെയോര്‍ത്ത് വിലപിക്കുന്ന മാതാപിതാക്കളുടെയും മധ്യസ്ഥനാണ്.

തിരുനാള്‍ കുര്‍ബാനയിലും നൊവേനയിലും പങ്കെടുത്തു വിശുദ്ധനിലൂടെ ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ആന്റണി ഗിറോലമി അറിയിച്ചു.

പള്ളിയുടെ വിലാസം: സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ചര്‍ച്ച്, 290 ചൈല്‍ഡ്സ് റോഡ്, മില്‍പാര്‍ക്ക്-3082.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍