ഫാ. വി.എം. തോമസിനു കോര്‍എപ്പിസ്കോപ്പ സ്ഥാനാരോഹണം ജൂണ്‍ 21, 22 തീയതികളില്‍
Saturday, June 20, 2015 8:15 AM IST
ഡാളസ്: മാര്‍ ഗ്രിഗാറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് (ജേക്കബൈറ്റ്) ദേവാലയത്തിന്റെ പ്രതിഷ്ഠവേളയില്‍ ഇടവകയുടെ സ്ഥാപക വികാരിയായ വലിയപറമ്പില്‍ തോമസ് കശീശക്ക് ഡയോസിഷ്യന്‍ ആര്‍ച് ബിഷപ് യെല്‍ദൊ മാര്‍ തീത്തോസ് തിരുമേനി കോര്‍എപ്പിസ്കോപ്പ സ്ഥാനം നല്‍കി ആദരിക്കുന്നു.

ഡാളസിലെ മെസ്കീറ്റില്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമം വഹിക്കുന്ന മാര്‍ ഗ്രീഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് (ജേകബൈറ്റ്) ഇടവകയുടെ പുതിയ ദേവാലയത്തിന്റെ പ്രതിഷ്ഠ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത യെല്‍ദൊ മാര്‍ തീത്തോസിന്റെയും വൈദികരുടെയും വിശ്വാസികളുടെയും അഭ്യുദയകാംഷികളുടെയും സാന്നിധ്യത്തില്‍ ജൂണ്‍ 21, 22 (ഞായര്‍,തിങ്കള്‍) തീയതികളില്‍ നിര്‍വഹിക്കും.

തീഷ്ണതയുള്ള വൈദികന്‍, മികവുറ്റ പ്രസംഗികന്‍, അനുഗ്രഹീതനായ അധ്യാപകന്‍, സംഘാടകന്‍, ലേഖനകര്‍ത്താവ്, സാമൂഹ്യ സ്നേഹി എന്നീ നിലകളില്‍ തനതായ വ്യക്തിത്വത്തിനുടമയാണ് കോര്‍എപ്പിസ്കോപ്പയായി സ്ഥാനമേല്‍ക്കുന്ന ഫാ. വി.എം. തോമസ്, ഡാളസ് സെന്റ് മേരീസ്, മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് എന്നീ ഇടവകകളുടെ സ്ഥാപനം, വളര്‍ച്ച, ദേവാലയ നിര്‍മാണം, കൂദാശ എന്നിവ തോമസച്ചന്റെ ശുശ്രൂഷാ ജീവിതത്തിലെ ചാരിതാര്‍ഥ്യം നിറഞ്ഞ നാഴികക്കല്ലുകളാണ്. ദിവംഗതരായ കടവില്‍ ഡോ. പൌലോസ് മാര്‍ അത്തനാസിയോസില്‍നിന്നും ശെമ്മാശ പട്ടവും (1973) ബസേലിയോസ് പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയില്‍ നിന്നും (1983) വൈദിക പട്ടവും സ്വീകരിച്ചു.

ഡാളസില്‍ സെന്റ് മേരീസ്, മാര്‍ ഗ്രീഗോറിയോസ് ഇടവകകള്‍ കൂടാതെ ഡാളസ് സെന്റ് ഇഗ്്നേഷ്യസ്, ഡിട്രോയിറ്റ് സെന്റ് മേരീസ്, ഓസ്റിന്‍ സെയിന്റ് തോമസ്, ഒക്ലഹോമ സെന്റ് ജോര്‍ജ് എന്നീ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ടിച്ചിട്ടുണ്ട് . നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വൈദിക സെക്രട്ടറി ആയി സേവനമനുഷ്ടിച്ചിട്ടുള്ള ഫാ. വി.എം. തോമസ് ഭദ്രാസന കൌണ്‍സില്‍ അംഗവും ഡയോസിഷ്യന്‍ ഭദ്രാസന മര്‍ത്തമറിയ വൈസ് പ്രസിഡന്റുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കലാ,സാഹിത്യ,സാമൂഹിക രംഗങ്ങളില്‍ തല്‍പ്പരനായ ഫാ. തോമസ് 1985 മുതല്‍ ഡാളസ് കേരള അസോസിയേഷന്‍ അംഗവും അഭ്യുദയകാംഷിയും വിവിധ കലാസാംസ്കാരിക സംഘടനകളിലെ പങ്കാളിയുമാണ്. കേരള എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനും കേരള ക്ളെര്‍ജി കോണ്‍ഫറസിന്റെ സെക്രട്ടറിയായും 10 വര്‍ഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. വൈദികശുശ്രൂഷക്കു പുറമേ, ഡാളസ് കൌണ്ടി സ്കൂള്‍ സിസ്റത്തിലെ ചരിത്രാധ്യാപകന്‍ കൂടിയാണ്.

ഭാര്യ: ലില്ലി. മക്കള്‍: ഷെറിന്‍ ഗോഡ്വിന്‍, ഐറിന്‍ ഷിജു, എബിന്‍, കൊച്ചുമക്കള്‍: കെയ്ലബ്, ഏവ, ക്രിസ്ത്യന്‍, എമ്മ.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍