ശബരീനാഥനു വിജയാശംസകളുമായി യുഡിഎഫ് അനുഭാവികള്‍ ഒത്തുചേര്‍ന്നു
Tuesday, June 23, 2015 7:12 AM IST
ഹൂസ്റണ്‍: കേരളത്തിലെ അരുവിക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്റെ വിജയം സുനിശ്ചിതമാകുന്നതിനുമായി ഹൂസ്റണിലെ ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) അനുഭാവികള്‍ ഒത്തുചേര്‍ന്നു.

ജൂണ്‍ 21നു (ഞായര്‍) വൈകുന്നേരം അഞ്ചിനു സ്റാഫോര്‍ഡിലുളള തനിമ ഇന്ത്യന്‍ റസ്ററന്റില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ കക്ഷി നേതാക്കള്‍ പ്രസംഗിച്ചു. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഎന്‍ഒസി) ടെക്സസ് ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് ഏബ്രഹാം അധ്യക്ഷത വഹിച്ചു.

കോണ്‍ഗ്രസിനെതിരെ, പാര്‍ട്ടിയെയും മുന്നണിയേയും അവഹേളിച്ച് ഇടതിനുവേണ്ടി പണിയെടുക്കുന്ന കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നും അതിനു പ്രവാസിസമൂഹം തങ്ങളുടെ ശബ്ദം സോഷ്യല്‍ മീഡിയകളിലൂടെ തുറന്നു കാട്ടണമെന്നും യോഗം വിലയിരുത്തി.

പിതാവിന്റെ പാതയില്‍ പതറാത്ത മനസും വളയാത്ത നട്ടെല്ലും ആയി മുന്നോട്ടു പോകുന്ന വിദ്യാസമ്പന്നനായ ശബരീനാഥനെ നീതിയും ധര്‍മവും സത്യവും ഉള്‍ക്കൊളളുന്ന അരുവിക്കരയിലെ പ്രബുദ്ധരായ ജനങ്ങള്‍ നെഞ്ചിലേറ്റുക തന്നെ ചെയ്യുമെന്ന് പ്രവാസിസമൂഹം ഒന്നടങ്കം കരുതുന്നു.

പാതി വഴിയിലായ പല ജനോപകാര പദ്ധതികള്‍ ഉണ്ട്. അതു തുടരാനും തീര്‍ക്കുവാനും എന്തുകൊണ്ടും കോണ്‍ഗ്രസിലെ എക്കാലത്തെയും ഇച്ഛാശക്തിയുളള നേതാവായിരുന്നു ജി. കാര്‍ത്തികേയന്‍ എന്ന് ജികെയുടെ പുത്രന്‍ കെ.എസ്. ശബരീനാഥനാണ് ഏറ്റവും യോഗ്യന്‍ എന്നു യോഗം വിലയിരുത്തി.

തെളിവുകളില്ലാത്ത ആരോപണങ്ങളെ നേരിട്ടുകൊണ്ട് നിരവധി വികസന പദ്ധതികളുമായി മുമ്പോട്ടു പോകുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ജനപിന്തുണയുടെ പ്രതിഫലനമായിരിക്കും ഈ ഉപതെരഞ്ഞെടുപ്പെന്നും യോഗം വിലയിരുത്തി.

ഐഎന്‍ഒസി ടെക്സസ് ചാപ്റ്റര്‍ സെക്രട്ടറി ബേബി മണക്കുന്നേല്‍ സ്വാഗതം ആശംസിച്ചു. പ്രവാസി കേരള കോണ്‍ഗ്രസ് നാഷണല്‍ ജനറല്‍ സെക്രട്ടറി സണ്ണി കാരിക്കല്‍, ഫോമയുടെ മുന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍, ഡോ. ഈപ്പന്‍ ദാനിയേല്‍, രാജന്‍ യോഹന്നാന്‍, വാവച്ചന്‍ മത്തായി, ദാനിയേല്‍ ചാക്കോ, ഫിലിപ്പ് കൊച്ചുമ്മന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഐഎന്‍ഒസി ജോയിന്റ് സെക്രട്ടറി ജീമോന്‍ റാന്നി, ഡോ. രഞ്ജിത് പിളള എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. പൊന്നു പിളള നന്ദി പറഞ്ഞു.