കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Friday, June 26, 2015 5:22 AM IST
ഡാളസ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത്തെ ഹിന്ദു കുടുംബസംഗമം ജൂലൈ രണ്ടു മുതല്‍ ആറു വരെ ഡാളസ് ഡിഎഫ്ഡബ്ള്യു എയര്‍പോര്‍ട്ട് ഹയാട്ട് റീജന്‍സിയില്‍ നടക്കും ഒട്ടേറെ പുതുമകളുമായി നടക്കുന്ന ഇത്തവണത്തെ സംഗമത്തിനു രജിസ്ട്രേഷനിലൂടെ വന്‍ പ്രതികരണമാണു ലഭിച്ചത്. സംഘടനയുടെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്കു വഹിക്കും എന്ന് കരുതപ്പെടുന്ന സംഗമം പ്രമുഖ ആത്മീയ-സാംസ്കാരിക-സാഹിത്യ നായകരുടെ മഹനീയ സാന്നിധ്യത്താല്‍ ധന്യമാകും.

ഉത്സവസമാനമായ നാലു ദിവസങ്ങള്‍ ഉറപ്പുവരുത്താന്‍ സംഘാടക സമിതി കഠിന പ്രയത്നം നടത്തുന്നു. യുവ കുടുംബ പ്രാതിനിധ്യവും അമേരിക്കയിലെ പുതു തലമുറയില്‍പ്പോട്ട കുടുംബങ്ങള്‍ക്കു മുന്‍പില്ലാത്ത വിധം പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പരിപാടികളും കണ്‍വന്‍ഷന്റെ മാറ്റു കൂട്ടും എന്നു കരുതപ്പെടുന്നു. വിവിധ കലാ മത്സരങ്ങള്‍, മാസ് തിരുവാതിര, ഡി ജെ പാര്‍ട്ടി, ടാലന്റ്ഷോ, കരിയര്‍ ഗൈഡന്‍സ്, പ്രഫഷണല്‍ സമ്മിറ്റ് തുടങ്ങി വേറിട്ട പരിപാടികളാല്‍ സമ്പന്നമാവും കണ്‍വെന്‍ഷന്‍. സനാതനധര്‍മത്തില്‍ അധിഷ്ഠിതമായ ജീവിതമൂല്യങ്ങള്‍ അമേരിക്കന്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഓരോ കുടുംബത്തെയും സജ്ജമാക്കുക എന്നതിനൊപ്പം സമാനമായി ഭൌതികജീവിതത്തില്‍ വിജയം കൈ വരിക്കാനുള്ള ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുന്ന രീതിയിലുള്ള പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. രഞ്ജിത് നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം