എസ്എംസിസി സീറോ മലബാര്‍ സഭയുടെ ശബ്ദമായി വളരണം: മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍
Friday, June 26, 2015 5:24 AM IST
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ എസ്എംസിസി നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തുകൊണ്ടു താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ അല്മായരുടെ സഭാ ദൌത്യത്തെക്കുറിച്ചു വിശദമായി സംസാരിച്ചു.

കേരളസഭയുടെ ചരിത്രത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസിനു വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുണ്ട്. ഇന്നത്തെ സാമൂഹ്യ സാഹചര്യങ്ങള്‍ അത്മായ പ്രേക്ഷിതത്വത്തിന്റെ പ്രധാന്യം ഏറെ വര്‍ധിപ്പിക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ടു നില്‍ക്കേണ്ട ഒന്നല്ല അല്മായ മുന്നേറ്റം. വെറും ഒരു ഭക്ത സംഘടന എന്നതിലുപരി, സാമൂഹ്യ-സാംസ്കാരിക-ജനകീയ-മതാത്മക പ്രശ്നങ്ങളില്‍ തെളിവാര്‍ന്ന പ്രതികരണങ്ങളുമായി എസ്എംസിസി മുന്നോട്ടുവരണമെന്നും പിതാവ് ഓര്‍മിപ്പിച്ചു.

അമേരിക്കന്‍ സീറോ മലബാര്‍ സമൂഹത്തിന് മലബാര്‍ സഭയില്‍ നിര്‍ണായക സ്വാധീനമുണ്ട്. സാമ്പത്തിക ബൌദ്ധിക തലങ്ങളിലെല്ലാം ഏറെ മുമ്പന്തിയിലാണു താരതമ്യേന അമേരിക്കന്‍ മലയാളികള്‍. അതിനാല്‍ എസ്എംസിസിയെ എല്ലാ ഇടവകകളിലും ശക്തിപ്പെടുത്തണമെന്നു മാര്‍ റെമിജിയൂസ് പറഞ്ഞു. സീറോ മലബാര്‍ സഭയില്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ആത്മീയ നേതാവായി സിനഡ് നിയോഗിച്ചിരിക്കുന്നതു മാര്‍ റെമിജിയൂസ് പിതാവിനെയാണ്.

കത്തീഡ്രല്‍ അല്‍ഫോന്‍സാ ഹാളില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ എസ്എംസിസി പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സ്വാഗതം ആശംസിച്ചു. രൂപതാ ഡയറക്ടര്‍ റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസി. വികാരി ഫാ. റോയ് മൂലേച്ചാലില്‍ എന്നിവരും മറ്റു നിരവധി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. സംഘടനാ സെക്രട്ടറി മേഴ്സി കുര്യാക്കോസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം