ഫിലഡല്‍ഫിയയില്‍ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാള്‍ ആഘോഷിച്ചു
Friday, June 26, 2015 8:05 AM IST
ഫിലഡല്‍ഫിയ: മലങ്കര കത്തോലിക്ക ഇടവകയുടെ സ്വര്‍ഗീയ മധ്യസ്ഥനും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥയുമായ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാള്‍ ജൂണ്‍ 13 മുതല്‍ 21 വരെ ദിവസങ്ങളിലായി ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു.

ജൂണ്‍ 13ന് ഇടവക വികാരി റവ. ഡോ. സജി മുക്കൂട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടുകൂടി തിരുനാളിനു തുടക്കമായി. തുടര്‍ച്ചയായ ഒമ്പതു ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന, യൂദാ തദേവൂസിന്റെ നൊവേന, വചന പ്രഘോഷണം, വിശുദ്ധ കുര്‍ബാനയുടെ വാഴ്വ് എന്നിവ നടക്കും. വിവിധ ദിവസങ്ങളിലെ ശുശ്രൂഷകള്‍ക്കും വനച പ്രഘോഷണങ്ങള്‍ക്കും ഇടവക വികാരി റവ. ഡോ. മുക്കൂട്ട് ഇടവകയുടെ മുന്‍ വികാരിമാരായ മോണ്‍. ജോസഫ് സുന്ദരം, റവ. ജോണ്‍ തുങ്ങിയത്ത്, റവ. തോമസ് മലയില്‍ എന്നിവരും റവ. ജേക്കബ് ജോണ്‍, റവ. ജോണ്‍ മേലേപ്പുറം, റവ. അലക്സാണ്ടര്‍ കോയിക്കലേത്ത്, റവ. ജോണ്‍ അബ്രോസ്, റവ. ഷാജി സില്‍വ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജൂണ്‍ 21നു സന്ധ്യാപ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, നൊവേന എന്നീ ശുശ്രൂഷകള്‍ക്കുശേഷം റവ. ജോണ്‍ അബ്രോസ് വചനപ്രഘോഷണം നടത്തി. അത്താഴവിരുന്നിനുശേഷം കരിമരുന്നു പ്രയോഗവും നടന്നു.

ജൂണ്‍ 22ന് (ഞായര്‍) ആഘോഷമായ തിരുനാള്‍ കുര്‍ബാനക്കു റവ. സജി മുക്കൂട് മുഖ്യകാര്‍മികത്വം വഹിച്ചു. അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാ തദേവൂസിന്റെ നാമത്തില്‍ വിശ്വാസികള്‍ അനേകം അദ്ഭുതങ്ങള്‍ക്കു സാക്ഷ്യം വഹിക്കുന്നതായി അദ്ദേഹം പ്രസംഗമധ്യേ പറഞ്ഞു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ആഘോഷമായ പ്രദക്ഷിണവും നടക്കും. തിരുനാള്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കിയ വൈദികര്‍ക്കു സെക്രട്ടറി ബിജു കുരുവിള നന്ദി അറിയിച്ചു.

തിരുനാള്‍ ദിനത്തോടനുബന്ധിച്ച് ഫാദേഴ്സ് ഡേ ആഘോഷങ്ങളും നടന്നു. ചടങ്ങില്‍ സണ്‍ഡേ സ്കൂളിനെയും യുവജനങ്ങളെയും പ്രതിനിധീകരിച്ച് സുബിന്‍ സാമുവല്‍, സില്‍വി ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. എല്ലാ പിതാക്കന്മാര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. പിതാക്കന്മാര്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനക്ക് റവ. സജി മുക്കൂട് നേതൃത്വം നല്‍കി. നീന ചാക്കോ, ജേക്കബ് ജോസഫ് എന്നിവര്‍ എംസിമാരായിരുന്നു.