ഡോവര്‍ സെന്റ് തോമസ് ജൂബിലി: പൌലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ശ്ളൈഹിക സന്ദര്‍ശനം നടത്തും
Friday, June 26, 2015 8:06 AM IST
ന്യൂജേഴ്സി: ശ്ളൈഹിക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തുന്ന മലങ്കര സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൌലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയിലെത്തും.

ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവാസിനൊപ്പം ജൂലൈ ഒന്നിനു (ബുധന്‍) വൈകുന്നേരം ഏഴിന് എത്തുന്ന പരി. ബാവായും സംഘത്തെയും ഇടവക വികാരി ഫാ. ഷിബു ഡാനിയല്‍, ട്രസ്റി സുനോജ് തമ്പി, സെക്രട്ടറി ഇന്ദിര തുമ്പയില്‍, ഭദ്രാസന കൌണ്‍സില്‍ അംഗം ഷാജി വര്‍ഗീസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്നേഹോഷ്മളമായ സ്വീകരണം നല്‍കും. സന്ധ്യാ നമസ്കാരത്തിനുശേഷം പരി. ബാവാ അനുഗ്രഹ പ്രദഷിണം നടത്തും. ഇടവക സ്ഥാപിച്ച് ആദ്യ വികാരിയായി സ്നേഹമനുഷ്ഠിച്ച റവ. സി.എം. ജോണ്‍ കോര്‍ എപ്പിസ്കോപ്പായെയും ഭാര്യ സാറാമ്മ ജോണിനെയും ആദരിക്കുന്ന ചടങ്ങും നടക്കും. പരി. ബാവാ ഇരുവരെയും പൊന്നാട അണിയിക്കും.

ന്യൂജേഴ്സിയിലെ വിവിധ ഇടവകളില്‍ നിന്നുളള സഭാംഗങ്ങള്‍ ബാവായുടെ ദര്‍ശനത്തിനായി എത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ സില്‍വര്‍ ജൂബിലി വര്‍ഷം, അനുഗ്രഹാശിസുകളുമായി എത്തുന്ന പരി. ബാവായുടെ ശ്ളൈഹിക സന്ദര്‍ശനം എത്രയും മനോഹരമാക്കുന്നതിനുളള തയാറെടുപ്പിലാണ് ഇടവക ഭാരവാഹികളും ജനങ്ങളും. ജൂലൈ 10, 11 (വെളളി, ശനി) തീയതികളിലാണ് ജൂബിലി പെരുന്നാള്‍ ആഘോഷിക്കുന്നത്.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍