സാന്റാ അന്നാ സീറോ മലബാര്‍ കാത്തലിക് ഫൊറോന പള്ളിയില്‍ തോമാശ്ശീഹായുടെ തിരുനാള്‍
Saturday, June 27, 2015 8:15 AM IST
ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടെ ദുക്റാന തിരുനാള്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 5 വരെ ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു.

ജൂണ്‍ 28 നു (ഞായര്‍) രാവിലെ 10 നുള്ള ദിവ്യബലിക്കുശേഷം ഇടവക വികാരി ഫാ. ഇമ്മാനുവല്‍ മടുക്കക്കുഴി കൊടിയേറ്റുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും. തുടര്‍ന്നു എല്ലാദിവസവും വിവിധ വാര്‍ഡുകളുടെ നേതൃത്വത്തില്‍ വൈകുന്നേരം 7.30-നു കുര്‍ബാനയും നൊവേനയും നടക്കും.

ദുക്റാന തിരുനാള്‍ ദിനമായ മൂന്നിനു (വെള്ളി) വൈകുന്നേരം 7.30-നു ദിവ്യബലിയും നൊവേനയും രാത്രി 12 വരെ നൈറ്റ് വിജിലും ഉണ്ടായിരിക്കും.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ നാലിനു (ശനി) വൈകുന്നേരം അഞ്ചിന് എട്ടു വൈദീകര്‍ ചേര്‍ന്നുള്ള സമൂഹബലിയും തുടര്‍ന്നു വിശുദ്ധരുടെ രൂപങ്ങള്‍ വഹിച്ചുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും നടക്കും. രാത്രി 8.30 നു സാന്‍തോം തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന നാലാമത് നൃത്ത സാമൂഹ്യനാടകം 'വേര്‍പാടിന്റെ നൊമ്പരങ്ങള്‍' അരങ്ങേറും. ജോസുകുട്ടി പാമ്പാടി കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നു. ഇടവകയിലെ വിവിധ വാര്‍ഡുകളെ പ്രതിനിധീകരിച്ച് അവതരിപ്പിക്കുന്ന വിവിധ നൃത്ത കലാപരിപാടികള്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മോടിയേകും.

അഞ്ചിനു (ഞായര്‍) രാവിലെ 10-ന് ആഘോഷമായ സമൂഹബലിയോടെ കൊടിയിറങ്ങും. തിരുനാള്‍ ദിവസങ്ങളില്‍ സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ഫാ. കുര്യാക്കോസ് വടാന, ഫാ. സിജു മുടക്കോടില്‍, ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍, ഫാ. സോണി ജോസഫ് എസ്വിഡി, ഫാ. ജോസഫ് കെന്നഡി, ഫാ. ആഞ്ചലോസ് സെബാസ്റ്യന്‍ എന്നീ വൈദീകര്‍ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും.

ഇടവകയിലെ സെന്റ് സേവ്യേഴ്സ്, ഹോളി ഫാമിലി എന്നീ വാര്‍ഡുകളാണ് സംയുക്തമായി തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നു.

തിരുനാള്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥം വഴി അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫൊറോന വികാരി ഫാ. ഇമ്മാനുവല്‍ മടുക്കകുഴിയും കൈക്കാരന്മാരായ ബിജു ആലുംമൂട്ടില്‍, ബൈജു വിതയത്തില്‍ എന്നിവര്‍ സ്വാഗതം ചെയ്തു.

ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം