ഫാമിലി കോണ്‍ഫറന്‍സ് ആത്മീയചൈതന്യം പ്രാപ്യമാക്കാന്‍ ഇടയാകും: അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത
Sunday, June 28, 2015 4:01 AM IST
ഷിക്കാഗോ: അമേരിക്കയില്‍ കുടിയേറി പാര്‍ക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വിശ്വാസികളുടെ ആധ്യാത്മിക പരിപോഷണത്തിനു സുപ്രധാന പങ്കുവഹിക്കുന്ന ഒരു ആത്മീയശുശ്രൂഷയാണു വര്‍ഷംതോറും ഇവിടെ സമ്മേളിക്കുന്ന കുടുംബസംഗമം. എല്ലാ വര്‍ഷവും വളരെ ക്രമീകൃതമായി നടക്കുന്ന ഈസംരംഭം 1980കളില്‍ ഭദ്രാസനത്തിലെ ചില വൈദികരുടെ നേതൃത്വത്തില്‍ പ്രാദേശികമായി തുടങ്ങിയെങ്കിലും പില്‍ക്കാലത്ത് അഭിവന്ദ്യ മക്കാറിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ ഭദ്രാസനതലത്തില്‍ എല്ലാവര്‍ഷവും വിശ്വാസികള്‍ ഒന്നിച്ചുകൂടുന്ന കുടുംബ സംഗമമായി ഇതുവളര്‍ന്നു. പിന്നീട് അഭിവന്ദ്യ ബര്‍ണബാസ് തിരുമേനി ഭദ്രാസന ചുമതലയേറ്റശേഷം ഭദ്രാസനതലത്തിലും പ്രാദേശികതലത്തിലും ഇത്കൂടുതല്‍ ഏകോപിപ്പിക്കുവാന്‍ തക്കവണ്ണം സാധിച്ചു.

സഭയുടെ വളര്‍ച്ചയുടെപാതയിലെ ഒരുനിര്‍ണായക കാല്‍വയ്പായിരുന്നു 2009-ല്‍ അമേരിക്കന്‍ ഭദ്രാസനത്തെ രണ്ടു ഭദ്രാസനമായി ക്രമീകരിച്ചത്. സൌത്ത്വെസ്റ് ഭദ്രാസനത്തിന്റെ മറ്റെല്ലാ ആധ്യാത്മിക ശുശ്രുഷകളെ പോലെയും ഈ വാര്‍ഷിക കുടുംബസംഗമവും വ്യക്തികളുടെ ആത്മീയ ജീവിതത്തിന്റെ വളര്‍ച്ചയ്ക്ക് ഉന്നതമായ സ്ഥാനം വഹിക്കുന്നു .

ഹൂസ്റന്‍ കേന്ദ്രീകരിച്ചു ഈ ഭദ്രാസനം രൂപീകൃതം ആയതിനുശേഷം കുടുംബസംഗമത്തിന്റെ ക്രമീകരണത്തിന് ചിലമാറ്റങ്ങള്‍ വരുത്താന്‍ സാധിച്ചു. ഭദ്രാസനത്തിന്റെ വിശാലമായ ഭൂമിശാസ്ത്ര വിസ്തൃതിയും യാത്രാക്ളേശങ്ങളും കണക്കിലെടുത്തു ഭദ്രാസനതലത്തില്‍ മൂന്നുവര്‍ഷങ്ങളില്‍ ഒരിക്കലായും മേഖലാതലത്തില്‍ മൂന്നുവര്‍ഷങ്ങളില്‍ ഒരിക്കലായും പ്രാദേശികതലത്തില്‍ മൂന്നുവര്‍ഷങ്ങളില്‍ ഒരിക്കലായും ഭദ്രാസനത്തിലെ മുഴുവന്‍ കുടുംബങ്ങളുടെയും പങ്കാളിത്തം സാധ്യമാവുക എന്ന ലക്ഷ്യത്തോടുകൂടി ഒരു ചാക്രികരൂപത്തില്‍ രൂപഭേദം വരുത്തി. 2009-ല്‍ ഭദ്രാസനതലത്തിലുള്ള ആദ്യത്തെ കുടുംബ സംഗമം ഭദ്രാസന ആസ്ഥാനമായ ഹൂസ്റനില്‍ ബഹു പിഎം ചെറിയാന്‍ അച്ചന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ നടത്താന്‍ സാധിച്ചു. പുതിയ ഭദ്രാസനം രൂപീകൃതമായതിനുശേഷമുള്ള പ്രഥമസംരംഭംവന്‍ വിജയമാക്കുന്നതിനും നവഭദ്രാസനത്തിലെ പ്രധാനശുശ്രൂഷകന്‍ എന്ന നിലയ്ക്ക് ബലഹീനനായ നമുക്ക് സ്വാഗതം അര്‍പ്പിക്കുന്നതിനും ഭദ്രാസനത്തിലെ എല്ലാ വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ തിളക്കമാര്‍ന്ന ഒരു കൂട്ടായ്മ ആയിരുന്നു അത്. ഈ ഭദ്രാസനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം അതോടൊപ്പം ആഘോഷമായി നടത്തുവാനും സാധിച്ചു.

ഭദ്രാസനതലത്തിലുള്ള അടുത്ത കുടുംബസംഗമം 2012-ല്‍ ജോര്‍ജ് ദാനിയേല്‍ അച്ചന്റെ മേല്‍നോട്ടത്തിലുള്ള കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫ്ളോറിഡയില്‍ നടന്നു. മുന്‍വര്‍ഷത്തെപോലെ തന്നെ ഈ കുടുംബസംഗമവും ഭംഗിയായി നടത്തപ്പെട്ടു എന്നതിലുപരിയായി 2000 വര്‍ഷം പിന്നിട്ട മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യശസ്സുയര്‍ത്തിയ അവിസ്മരണീയ നാഴികകല്ലെന്നു വിശേഷിപ്പിക്കാവുന്ന കാതോലിക്കേറ്റ് പുനഃസ്ഥാപനത്തിന്റെ ശതാബ്ദി ആഘോഷവും ഭഭ്രാസനം ഒന്നാകെ ആഭിമാന ആഹ്ളാദത്തോടെകൊണ്ടാടിയതും ഈ സംഗമത്തിന്റെ മാറ്റു വര്‍ധിപ്പിച്ചു.

വീണ്ടും 2015-ല്‍ ഇപ്പോള്‍ നടക്കാന്‍ പോകുന്ന ഭദ്രാസനതലത്തിലുള്ള മൂന്നാമത്തെ കുടുംബസംഗമം ആണ്. ഡാളസിലെ ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍വച്ചു നടക്കുന്ന ഈ മഹാസമ്മേളനം ഭദ്രാസനത്തിലെ യുവതലമുറ വൈദികഗണത്തില്‍ പെട്ട മാറ്റ് അലക്സാണ്ടര്‍ അച്ഛന്റെ പ്രധാന ചുമതലയില്‍ ഭദ്രാസന കൌണ്സില്‍ മെംബര്‍ എല്‍സന്‍ സാമുവേല്‍, സെക്രടറി യും ലിജിത് മാത്യു ട്രഷറാറുമായി ഡാളസ് ഏരിയയിലെ എല്ലാ ഇടവകകളിലെയും വൈദികരുടെയും നേതൃത്വത്തിലുള്ള ബൃഹത്തായ കമ്മിറ്റി ഈ സംരംഭത്തിന്റെ വിജയത്തിന് അത്യധ്വാനം ചെയ്യുന്നു.

മലങ്കരസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവയുടെ മഹനീയ സാന്നിധ്യവും നിരണം ഭദ്രാസന മെത്രപ്പോലീത്ത അഭിവന്ദ്യ ക്രിസോസ്റമോസിന്റെയും സഭയുടെ വൈദിക ട്രസ്റി ജോണ്‍സ് എബ്രഹാം കോനാട്ട് അച്ചന്റെയും മലങ്കരസഭയുടെ അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രസംഗകനായ വര്‍ഗീസ് വര്‍ഗീസ് അച്ചന്റെയും (മീനടം ) നേതൃത്വവും ഈ കുടുംബസംഗമത്തിന്റെ വിജയത്തിനു ഒട്ടേറെ പ്രതീക്ഷകള്‍ നല്‍കുന്നു.

ലയം നഷ്ടപ്പെട്ടു പ്രളയമായി തീരുന്ന കുടുംബബന്ധങ്ങളെ കൂട്ടിയിണക്കി ബന്ധിപ്പിക്കുന്ന ഒരുചാലകമായ് തീരുവാന്‍ ഒരുപരിധിവരെ ഈ സംഗമത്തിനുസാധിക്കുന്നു. പരസ്പരം തുണയായിരിപ്പാന്‍ തക്കവണ്ണം ദൈവംകൂട്ടി യോജിപ്പിച്ച് അനുഗ്രഹിച്ച ഭാര്യാഭര്‍തൃബന്ധം നിസാരകാരണങ്ങളില്‍ തകര്‍ന്നു തരിപ്പണമാകുന്ന കാഴ്ചയും ആധുനികലോകത്ത് സാധാരണമാണ്. ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍വേര്‍പിരിക്കാന്‍ പാടില്ല എന്ന ദൈവകല്പനയുടെ അടിസ്ഥാനത്തില്‍ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കേണ്ടതു സഭയുടെ പ്രധാന ദൌത്യമായ് നാം കാണുന്നു. മനുഷ്യന്റെ സ്നേഹബന്ധത്തിന്റെ ലോകം വിശാലമാക്കാന്‍ സോഷ്യല്‍ മീഡിയകള്‍ ഒരുക്കുന്ന നൂതനസാങ്കേതിക മാധ്യമങ്ങള്‍ നാം കൈയടക്കി പുതിയ ബന്ധങ്ങള്‍ വ്യാപിപ്പിക്കുമ്പോള്‍ അളന്നു തിട്ടപ്പെടുത്താന്‍ സാധിക്കാത്തവിധത്തില്‍ ജീവിതപങ്കാളി മനസുകൊണ്ട് വന്‍ ദൂരത്തിലാകുന്നത് ആധുനികബന്ധങ്ങളുടെ ആഴമില്ലായ്മയ്ക്കു അടിവര ഇടുന്നു. പാശ്ചാത്യസംസ്കാരത്തിന്റെ പശ്ചാതലത്തില്‍ വളര്ന്നുവരുന്ന ഭാരതീയപൈതൃക പാരമ്പര്യമുള്ള നമ്മുടെകുഞ്ഞുങ്ങള്‍ ഈ സംസ്കാര വൈരുധ്യങ്ങളുടെ നടുവില്‍ നിസഹായതയോടെ പകച്ചുനില്ക്കുന്നത് സൂഷ്മമായിപരിശോധിക്കുമ്പോള്‍ നമുക്ക ്കാണാന്‍കഴിയും, ഈവിഷയങ്ങളുടെ ഒരുപരിഹാരം തേടിയാണ് കുടുംബസംഗമം എന്ന ആത്മീയ സംഘടന രൂപകല്പന ചെയ്തതും രൂപം കൊണ്ടതും. പറുദീസയില്‍ അനുസരണക്കേടുമൂലം ആദ്യമനുഷ്യന്‍ കൈവിട്ടുകളഞ്ഞ ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട കുടുംബം എന്ന സ്വര്‍ഗം ഭൂമിയില്‍ പുനസ്ഥാപിക്കപെടുമ്പോള്‍ ദൈവംനമ്മെ ഭാരമെല്പ്പിച്ച ഉത്തരവാദിത്വത്തിന്റെ പൂര്‍ണ വെളിപ്പെടുത്തുന്നു എന്ന ആഴമായ തിരിച്ചറിവിലേക്ക്നമ്മുടെ ബോധത്തെ പ്രകാശിപ്പിക്കുവാന്‍ ഈകൂടായ്മ നമ്മെ സജമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാബാവയുടെ സജീവസാന്നിധ്യം ഈ കോണ്‍ഫറന്‍സിന് ഇടയന്റെ പിന്നില്‍ അണിനിരക്കുന്ന ആടുകളുടെ ഉള്ളില്‍ പ്രസരിക്കുന്ന ആത്മവിശ്വാസം സൃഷ്ടിക്കുന്നു. തന്റെ തിരക്കിട്ടദിനങ്ങളെ നീക്കിവച്ച് അമേരിക്കയില്‍ ജീവിക്കുന്ന മക്കളോ ടൊപ്പം താമസിച്ചു അവരുടെ പ്രശ്നങ്ങളെ ദൈവമുമ്പാകെ സമര്‍പ്പിക്കാന്‍ പരിശുദ്ധപിതാവു കാണിക്കുന്ന വാത്സല്യം ഈസംഗമത്തിനു പുത്തന്‍ ഉണര്‍വേകുന്നു. മലങ്കരസഭയുടെ വിദ്യാര്‍ഥികളുടെ സംഘടനയായ മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ യുവജന പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറി ആയിരുന്ന സുപ്രധാന കണ്‍വന്‍ഷന്‍ പ്രസംഗകന്‍ വര്‍ഗീസ് വര്‍ഗീസ് അച്ചന്റെ പ്രോജ്വലിപ്പിക്കുന്ന പ്രഭാഷണങ്ങളും ക്ളാസുകളും ഈവര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ പ്രത്യേകതയാണ്.

2015 ജൂലൈ മാസം എട്ടാം തീയതി ബുധനാഴ്ച മുതല്‍ പതിനൊന്നാം തീയതി ശനിയാഴ്ചവരെ ഡള്ളസ് ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍വച്ച് നടത്തുന്ന ഈ വര്‍ഷത്തെ വാര്‍ഷിക കുടുംബസംഗമം കൂടുതല്‍ അനുഗ്രഹപ്രദമാകുവാന്‍ ഇടയാകട്ടെ. അതോടൊപ്പം ഈസംഗമത്തിന്റെ വിജയത്തിനുവേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന വൈദികരുടെയും കമ്മറ്റി അംഗങ്ങളുടെയും നിസ്വര്‍തമായപ്രവരത്തനങ്ങളെ വിലമതിക്കുന്നു. ഈ സമ്മേളനത്തില്‍സംബധിക്കുന്ന എല്ലാവര്‍ക്കും വാക്കുകള്‍ക്കതീതമായ ആത്മീയചൈതന്യം പ്രാപ്യമാക്കുവാന്‍ ഇടയാകും എന്നു ഞാന്‍ ദൈവത്തില്‍ പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം