ഹൈസ്കൂള്‍, കോളജ് ഗ്രാജ്വേറ്റ്സിനെ നായര്‍ ബനവലന്റ് അസോസിയേഷന്‍ അനുമോദിച്ചു
Tuesday, June 30, 2015 4:55 AM IST
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍, ജൂണ്‍ 27 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ന്യൂയോര്‍ക്കിലെ ഗ്ളെന്‍ ഓക്സിലുള്ള ഫ്ലേവര്‍ ഓഫ് ഇന്ത്യ റസ്ററന്റില്‍ വച്ച് ഹൈസ്കൂള്‍/ കോളജുകളില്‍നിന്ന് ഈ വര്‍ഷം ഗ്രാജ്വേറ്റ് ചെയ്ത, അസോസിയേഷനിലെ കുടുംബങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളെ അനുമോദിച്ചു. ജനറല്‍ സെക്രട്ടറി രാംദാസ് കൊച്ചുപറമ്പില്‍ സ്വാഗതം ആശംസിക്കുകയും ചടങ്ങിനെക്കുറിച്ച് വിശദീകരിക്കുകയുമുണ്ടായി. രേവതി നായര്‍ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. പ്രസിഡന്റ് രാജഗോപാല്‍ കുന്നപ്പള്ളില്‍ ഗ്രാജ്വേറ്റ്സിനെ അനുമോദിക്കുകയും നമ്മുടെ സംഘടനയെ നയിക്കേണ്ടത് ഈ വിദ്യാര്‍ഥികളാണെന്നു ഓര്‍മിപ്പിക്കുകയുമുണ്ടായി. തുടര്‍ന്ന് ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജയപ്രകാശ് നായര്‍ വിദ്യാര്‍ഥികളെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചു.
മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്ത, കൊളമ്പിയ യൂണിവേഴ്സിറ്റിയില്‍നിന്നു നിയമബിരുദം നേടിയ, അശോക് ചന്ദ്രന്‍, സുദീര്‍ഘമായ തന്റെ പ്രസംഗത്തില്‍ വിദ്യാഭ്യാസത്തിലൂടെ ഭാവി സുരക്ഷമാക്കണം എന്ന് കുട്ടികളെ ഉപദേശിച്ചു. അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമാരായ പ്രേമചന്ദ്രന്റെയും ഡോ. ലതാ ചന്ദ്രന്റെയും പുത്രനാണ് അശോക് ചന്ദ്രന്‍.

എസ്.എ.റ്റി.യില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ നേടിയ ദീപിക കുറുപ്പിനും ആകാശ് പിള്ളയ്ക്കും പ്രത്യേക സമ്മാനം നല്‍കി ആദരിക്കുകയുണ്ടായി.

മുഖ്യാതിഥി അശോക് ചന്ദ്രനും പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാലും ചേര്‍ന്ന് എല്ലാ ഗ്രാജ്വേറ്റ്സിനും സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കി അനുമോദിച്ചു. അശോക് ചന്ദ്രനും ആകാശ് ചന്ദ്രനും കൂടി നയിച്ച ജെപ്പടിയില്‍ കുട്ടികള്‍ സജീവമായി പങ്കെടുത്തു. പ്രഭാകരന്‍ നായര്‍, രേവതി നായര്‍, സഞ്ജിത്ത് മേനോന്‍ എന്നിവരുടെ ഗാനങ്ങള്‍ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി.
ട്രഷറര്‍ സേതുമാധവനും വിശ്വനാഥ് സേതുമാധവനും കൂടി തയ്യാറാക്കിയ സ്ളൈഡ് ഷോ വളരെ മനോഹരമായിരുന്നു. ഓരോ ഗ്രാജ്വേറ്റിന്റെയും ചിത്രത്തോടൊപ്പം കുട്ടിക്കാലത്തെ ചിത്രവും കുടുംബ ചിത്രവും പ്രദര്‍ശിപ്പിച്ചത് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. എല്ലാവിധ സാങ്കേതിക ജോലികളും കൃത്യമായി നിര്‍വഹിച്ചതു പ്രദീപ് മേനോനും ഹരിലാല്‍ നായരും ചേര്‍ന്നാണ്.

ഡോ. സ്മിതാ പിള്ളയും രേവതി നായരും എംസിമാരായി പ്രവര്‍ത്തിച്ചു. സെക്രട്ടറി രാം ദാസ് കൊച്ചു പറമ്പിലിന്റെ കൃതജ്ഞത പ്രസംഗത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍