കുഞ്ഞുമാലാഖമാര്‍ക്കു ചിറകു നല്കുന്നവര്‍
Wednesday, July 1, 2015 6:49 AM IST
പ്രകാശഗോപുരങ്ങള്‍ / ഡെന്നിസ് ജേക്കബ്

ദൈവരാജ്യം ശിശുക്കളെപ്പോലെയുള്ളവരുടേതാണെന്നാണ് വിശുദ്ധഗ്രന്ഥം പറയുന്നത്. ദൈവത്തോട് ഏറ്റവും അടുത്തുനില്ക്കുന്നവരാണ് ശിശുക്കള്‍. എന്നാല്‍ ശിശുക്കളുടെ ഈ നിഷ്കളങ്കതയെ സവിശേഷബുദ്ധിയുള്ള മനുഷ്യര്‍ തന്നെ അകറ്റിനിര്‍ത്തുന്ന സന്ദര്‍ഭങ്ങളുണ്ട്.

തന്റേതല്ലാത്ത കാരണത്താല്‍ മാരകമായ രോഗാണുക്കളെ പേറി ജീവിക്കുന്ന കുട്ടികള്‍. സ്വന്തം അമ്മയുടെയോ മറ്റുള്ളവരുടെയോ തെറ്റുകളുടെ ബാക്കിപത്രങ്ങളാകുന്നവര്‍. എച്ച്ഐവി സാധാരണ രീതിയില്‍ പകരില്ലെന്നിരിക്കിലും രോഗബാധിതരായ കുഞ്ഞുങ്ങളെ സമൂഹം തങ്ങളില്‍ നിന്നകറ്റുമ്പോള്‍ ഈ വലിയ ലോകത്തില്‍ അവര്‍ തനിച്ചാകുന്നു. എന്നാല്‍, രോഗം കവരുന്ന ഇവരുടെ നിഷ്കളങ്കത തിരികെ നല്കുകയാണ് കൊത്തന്നൂരിലെ ഇന്‍ഫന്റ് ജീസസ് ചില്‍ഡ്രന്‍സ് ഹോം.

ദീനസേവന സഭ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലുള്ള ദീനസേവാ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലുള്ള സന്നദ്ധ സ്ഥാപനമാണ് ഇന്‍ഫന്റ് ജീസസ് ചില്‍ഡ്രന്‍സ് ഹോം. 1969ല്‍ കേരളത്തില്‍ കണ്ണൂര്‍ ജില്ലയിലെ പട്ടുവത്താണ് ദീനസേവനസഭ സ്ഥാപിതമായത്. മദര്‍ പേത്രയുടെ നേതൃത്വത്തിലായിരുന്നു സഭയുടെ തുടക്കം.

രാജ്യത്താകമാനമുള്ള ദരിദ്രജനങ്ങളുടെ ഇടയില്‍ സേവനം നടത്തിവരുന്ന ദീനസേവനസഭയ്ക്ക് ഇന്ന് എണ്‍പതോളം ശാഖകളും അവയുടെ കീഴില്‍ ദരിദ്രര്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച അറുന്നൂറിലേറെ സിസ്റ്റേഴ്സുമുണ്ട്. 1975ല്‍ മദര്‍ പേത്രയുടെ സഹായത്തിനെത്തിയ ജര്‍മനിയില്‍ നിന്നുള്ള ഫ്രാന്‍സിസ്കന്‍ സന്യാസിനിയായിരുന്ന മദര്‍ വില്ലിഗാര്‍ഡിന്റെ നേതൃത്വത്തില്‍ ദീനസേവാ ചാരിറ്റബിള്‍ ട്രസ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു.

1989ല്‍ മദര്‍ വില്ലിഗാര്‍ഡ് ബംഗളൂരുവിലെ പ്രവര്‍ത്തങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടു.

ബംഗളൂരുവിലെ കണ്ണൂര്‍, കൊത്തന്നൂര്‍ തുടങ്ങിയ കുഗ്രാമങ്ങളില്‍ ചുറ്റിസഞ്ചരിച്ച് ഗ്രാമീണരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു. വൈദ്യസഹായം, വിദ്യാഭ്യാസം, ഭവനനിര്‍മാണം തുടങ്ങിയ ആവശ്യങ്ങളില്‍ തങ്ങളാല്‍ കഴിയുംവിധം മദര്‍ ഗ്രാമീണരെ സഹായിച്ചു. 2001 ലാണ് എച്ച്ഐവി ബാധിതരായ കുട്ടികള്‍ക്കു വേണ്ടി തങ്ങളുടെ സേവനം വ്യാപിപ്പിക്കാന്‍ മദര്‍ തീരുമാനിച്ചത്. തന്റേതല്ലാത്ത കാരണങ്ങളാല്‍ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടാന്‍ വിധിക്കപ്പെട്ട കുട്ടികള്‍ക്കുവേണ്ടി 2001 മാര്‍ച്ച് 24ന് ഹെന്നൂരിനു സമീപം കോത്തന്നൂരില്‍ ഇന്‍ഫന്റ് ജീസസ് ചില്‍ഡ്രന്‍സ് ഹോം സ്ഥാപിതമായി. എച്ച്ഐവി ബാധിതരായ അമ്പതു കുട്ടികളുമായാണ് സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. കുട്ടികളുടെ സാമൂഹ്യ, വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി ദീനസേവനസഭാംഗങ്ങള്‍ നിലകൊണ്ടു. എച്ച്ഐവി ബാധിതരായ കുട്ടികള്‍ക്ക് മികച്ച ജീവിതം നല്കുക, എയ്ഡ്സ് രോഗികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റുക തുടങ്ങിയ ദൌത്യങ്ങളാണ് ഇന്‍ഫന്റ് ജീസസ് ചില്‍ഡ്രന്‍സ് ഹോമിനുള്ളത്. 90 കുട്ടികളാണ് ഇന്ന് ആശ്രമത്തിലുള്ളത്. കര്‍ണാടകയെ കൂടാതെ ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുമുള്ള കുട്ടികളും ഇവിടെയുണ്ട്.

എയ്ഡ്സ് ബാധിതരായ നവജാതശിശുക്കള്‍ മുതല്‍ കൌമാരപ്രായക്കാര്‍ വരെ ഇവിടെ ദീനസേവനസഭാ സിസ്റേഴ്സിന്റെ സ്നേഹത്തണലില്‍ കഴിയുന്നു. ഭൂരിഭാഗം പേരും ജന്മനാ എച്ച്്ഐവി ബാധിതരാണ്. എയ്ഡ്സ് രോഗിയായ അമ്മയില്‍ നിന്നും മുലപ്പാലിനൊപ്പം രോഗാണുക്കളും വാങ്ങിയവര്‍. രക്തത്തിലൂടെയും കുത്തിവയ്പിനുപയോഗിച്ച സൂചിയിലൂടെയും എച്ച്ഐവി പകര്‍ന്നുകിട്ടിയവര്‍.

എച്ച്ഐവി ബാധിതരായ കുട്ടികളെ സ്കൂളുകളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും അകറ്റിനിര്‍ത്തുന്ന ഒരു പ്രവണതയാണു കണ്ടുവരുന്നത്. എന്നാല്‍, ഇവിടെയുള്ള കുട്ടികള്‍ക്ക് സ്നേഹവും പരിചരണവും പോഷകസമൃദ്ധമായ ഭക്ഷണവും വേണ്ടുവോളം ലഭിക്കുന്നു. മറ്റുള്ളവരെപ്പോലെ സാധാരണജീവിതം നയിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നു. കൊത്തന്നൂരിലെ സാധാരണ കുട്ടികള്‍ ചെയ്യുന്നതുപോലെ ഇവരും സ്കൂളുകളില്‍ പോകുന്നു. പഠനത്തോടൊപ്പം കുട്ടികള്‍ക്കായി കായികപരിശീലനവും യോഗയും നടത്തുന്നു. ഇവിടെയുള്ള പല കുട്ടികളെയും പിന്നീട് പലരും ദത്തെടുക്കാറുണ്ട്.

എച്ച്ഐവി ബാധിതരുടെ ശരീരം വളരെ ദുര്‍ബലമാണ്. സാധാരണക്കാര്‍ക്കുണ്ടാകുന്നതുപോലെയുള്ള ചെറിയ അസുഖങ്ങള്‍ പോലും അവര്‍ക്കു താങ്ങാനാവില്ല. താപനിലയിലെ ചെറിയ വ്യത്യാസം പോലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമായേക്കാം. ഈ സാഹചര്യത്തില്‍ ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികള്‍ക്കായി മാസംതോറും വൈദ്യപരിശോധനകള്‍ നടത്തുന്നുണ്ട്. ശാരീരിക ചികിത്സ കൂടാതെ, പ്രത്യേക കൌണ്‍സിലിംഗും ഇവര്‍ക്കു നല്കുന്നു. കുട്ടികളെ സന്ദര്‍ശിക്കാനും അവര്‍ക്കു പരിശീലനം നല്കുന്നതിനുമായി വിവിധ യുവജനസംഘടനകളും വോളണ്ടിയര്‍മാരും ഇവിടം സന്ദര്‍ശിക്കാറുണ്ട്.

എച്ച്ഐവി ബാധിതരായി മരിച്ച മാതാപിതാക്കളുടെ മക്കള്‍ക്കു വേണ്ടി ലിറ്റില്‍ ഫ്ളവര്‍ ചില്‍ഡ്രന്‍സ് ഹോം എന്ന പേരില്‍ അനാഥാലയവും പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണൂരിലെ മികച്ച ഇംഗ്ളീഷ് മീഡിയം സ്കൂളിലാണ് ഈ കുട്ടികളുടെ വിദ്യാഭ്യാസം. കൂടാതെ പ്രത്യേക കംപ്യൂട്ടര്‍ പരിജ്ഞാനവും ഇവര്‍ക്കു ലഭിക്കുന്നു.

സമൂഹവും കുടുംബവും കൈവിട്ട എച്ച്ഐവി ബാധിതരായ വനിതകള്‍ക്കു വേണ്ടി ഹോം ഓഫ് മേഴ്സി എന്ന ആതുരാലയവും ദീനസേവനസഭ ഇവിടെ നടത്തുന്നുണ്ട്. ദരിദ്രര്‍ക്കു സൌജന്യമായി വൈദ്യസഹായം നല്കുന്നതിനായി ഡിസ്പെന്‍സറിയും ആശ്രമവളപ്പില്‍ പ്രവര്‍ത്തിക്കുന്നു. ദീനസേവനസഭാ സിസ്റേഴ്സിന്റെ നേതൃത്വത്തില്‍ ഭവനസന്ദര്‍ശനവും നടത്തുന്നുണ്ട്.