ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അമേരിക്കന്‍ പര്യടനം സെപ്റ്റംബര്‍ 22 മുതല്‍ 27 വരെ
Wednesday, July 1, 2015 6:53 AM IST
ഫിലഡല്‍ഫിയ: സെപ്റ്റംബര്‍ 22 മുതല്‍ 27 വരെ ഫിലാഡല്‍ഫിയായില്‍ നടക്കുന്ന ലോകകുടുംബസംഗമത്തിലും ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡിസി എന്നിവിടങ്ങളില്‍ നടക്കുന്ന പ്രത്യേക പരിപാടികളിലും പങ്കെടുക്കാനെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ വിശദവിവരങ്ങള്‍ ജൂണ്‍ 30നു വത്തിക്കാന്‍ പുറത്തുവിട്ടു.

ക്യൂബന്‍ പര്യടനത്തിനുശേഷം സെപ്റ്റംബര്‍ 22നു (ചൊവ്വ) വൈകുന്നേരം നാലിന് വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തുന്ന മാര്‍പാപ്പ 23നു (ബുധന്‍) രാവിലെ 9.15നു വൈറ്റ്ഹൌസില്‍ പ്രസിഡന്റ് ഒബാമ ഔദ്യോഗിക സ്വീകരണം നല്‍കും. 11.30നു യുഎസ് ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ച്ചയും മധ്യാഹ്നപ്രാര്‍ഥനയും സെന്റ് മാത്യൂസ് കത്തീഡ്രലില്‍ വൈകുന്നേരം 4.15നു വാഴ്ത്തപ്പെട്ട ജൂനിപ്പെറോ സെറായെ വിശുദ്ധനാക്കുന്ന ചടങ്ങും വിശുദ്ധ കുര്‍ബാനയും നാഷണല്‍ ഷ്രൈന്‍ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ബസിലിക്കയില്‍ നടക്കും.

24 നു (വ്യാഴം) രാവിലെ 9.20നു യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിക്കും. 11.15നു വാഷിംഗ്ടണ്‍ സിറ്റിയിലുള്ള സെന്റ് പാട്രിക് ദേവാലയവും വാഷിംഗ്ടണ്‍ അതിരൂപതയുടെ കാത്തലിക് ചാരിറ്റീസും സന്ദര്‍ശിക്കും.

വൈകുന്നേരം നാലിനു ന്യൂയോര്‍ക്കിലെത്തുന്ന മാര്‍പാപ്പ 645 നു ന്യൂയോര്‍ക്ക് സെന്റ് പാട്രിക്ക് കത്തീഡ്രലില്‍ സന്ധ്യാപ്രാര്‍ഥന നയിക്കും.

25 നു (വെള്ളി) രാവിലെ 8.30നു ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ളിയെ അഭിസംബോധന ചെയ്യുന്നു. 11.30 നു 9/11 മെമ്മോറിയല്‍ മ്യൂസിയത്തില്‍ സര്‍വമത പ്രാര്‍ഥന സര്‍വീസ് നയിക്കുന്നു. വൈകുന്നേരം നാലിന് ഈസ്റ് ഹാര്‍ലെമിലുള്ള ഔവര്‍ ലേഡി ക്വീന്‍ ഓഫ് ഏയ്ഞ്ചല്‍സ് സ്കൂള്‍ സന്ദര്‍ശനം. ആറിനു മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനില്‍ ദിവ്യബലിയര്‍പ്പിക്കുന്നു.

26 നു (ശനി) രാവിലെ 10.30നു ഫിലാഡല്‍ഫിയ അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ കത്തീഡ്രല്‍ ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിക്കും.

വൈകുന്നേരം 4.45 നു ഇന്‍ഡിപെന്‍ഡന്‍സ് മാള്‍ സന്ദര്‍ശനം. ഏഴര മുതല്‍ ലോക കുടുംബ കോണ്‍ഗ്രസിനോടനുബന്ധിച്ച് ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ പാര്‍ക്ക് വേയില്‍ ഒരുക്കുന്ന ഫെസ്റിവല്‍ ഓഫ് ഫാമിലീസില്‍ പങ്കെടുക്കും.

27നു (ഞായര്‍) രാവിലെ 9.15 നു സെന്റ് ചാള്‍സ് ബൊറോമിയോ സെമിനാരി ചാപ്പലില്‍ ബിഷപ്പുമാരുമായി അഭിമുഖം. 11നു കറാന്‍ഫ്രംഹോള്‍ഡ് കറക്ഷണല്‍ ഫസിലിറ്റിയിലെ അന്തേവാസികളെ സന്ദര്‍ശിക്കും.

ഞായറാഴ്ച നാലിനു വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാമിലീസിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്ത് ദിവ്യബലിയര്‍പ്പിക്കുന്നു. ഏഴിന് വേള്‍ഡ് മീറ്റിംഗ് ഭാരവാഹികളും വോളന്റിയേഴ്സും ഗുണഭോക്താക്കളുമായി കൂടിക്കാഴ്ച്ച.

വൈകുന്നേരം എട്ടിന് അമേരിക്കന്‍ തീര്‍ഥാടനം അവസാനിപ്പിച്ച് റോമിനു തിരിക്കും.

വിവരങ്ങള്‍ക്ക് അമേരിക്കന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.