ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തായും 85-ാമത് ജന്മദിനം ആഘോഷിച്ചു
Wednesday, July 1, 2015 6:57 AM IST
ഹൂസ്റണ്‍: മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തായുടെ 85-ാമത് ജന്മ ദിനാഘോഷം ഹൂസ്റണിലെ വിശ്വാസി സമൂഹം ആഘോഷിച്ചു.

സ്റാഫോര്‍ഡിലെ ഇമ്മാനുവല്‍ മാര്‍ത്തോമ സെന്ററില്‍ ജൂണ്‍ 27നു (ശനി) വൈകുന്നേരം 5.30ന് ആഘോഷ പരിപാടികള്‍ക്കു തുടക്കം കുറിച്ചു. മെത്രാപ്പോലീത്തായെ പ്രകീര്‍ത്തിച്ചുകൊണ്ട് പ്രത്യേകം ചിട്ടപ്പെടുത്തിയ 'തോബശിലോം' എന്ന സുറിയാനിയില്‍ ആരംഭിക്കുന്ന ഗാനം ഇമ്മാനുവല്‍ ഗായക സംഘം ആലപിച്ചപ്പോള്‍ വിശിഷ്ടാതിഥികളെ ആനയിച്ചുകൊണ്ടുളള ഘോഷയാത്ര ഹാളിനുളളിലേക്കു പ്രവേശിച്ചു.

തുടര്‍ന്നു സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വികാരി റവ. കെ.ബി. കുരുവിള പ്രാര്‍ഥന നടത്തി. ഇമ്മാനുവല്‍ ഇടവക വികാരി റവ. സജു മാത്യു സ്വാഗതം ആശംസിച്ചു. നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പാ അധ്യക്ഷ പ്രസംഗം നടത്തി. ഇന്നലകളെ മറക്കാതെ ഇന്നിന്റെ യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ഭാവിയെപ്പറ്റി നല്ല കാഴ്ചപ്പാടോടുകൂടി നാം ജീവിക്കണമെന്നും മാര്‍ത്തോമ സഭയുടെ ചരിത്രവും പാരമ്പര്യവും ഭാവി തലമുറയ്ക്കു പരിചയപ്പെടുത്തി കൊടുക്കേണ്ട കടമയും ഉത്തരവാദിത്വവും നമുക്കുണ്െടന്ന് എപ്പിസ്കോപ്പാ ഉദ്ബോധിപ്പിച്ചു.

മലങ്കര ഓര്‍ത്തഡോക്സ് സഭ സൌത്ത് വെസ്റ് അമേരിക്ക ഭദ്രാസനാധ്യക്ഷന്‍ അലക്സിയോസ് മാര്‍ യൌസേബിയോസ് ആശംസകള്‍ അര്‍പ്പിച്ചു. എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങള്‍ക്ക് ഇന്ത്യയില്‍ മാത്രമല്ല ലോകമെങ്ങും കരുത്തുറ്റ നേതൃത്വം നല്‍കി കൊണ്ടിരിക്കുന്ന മെത്രാപ്പോലീത്തായ്ക്ക് എക്യുമെനിക്കല്‍ സമൂഹത്തിന്റെ ജന്മദിനാശംസകള്‍ നേര്‍ന്നു.

ഭദ്രാസന പ്രോജക്ട് മാനേജര്‍ റവ. ഡോ. ഫിലിപ്പ് വര്‍ഗീസ്, ഇമ്മാനുവല്‍ ഇടവക വൈസ് പ്രസിഡന്റ് ജയിംസ് ജോസഫ്, ട്രിനിറ്റി ഇടവകയെ പ്രതിനിധീകരിച്ച് ബെറ്റി വട്ടക്കുന്നേല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ട്രിനിറ്റി ഇമ്മാനുവല്‍ ഇടവക ട്രസ്റിമാരായ മാത്യൂസ് ചാണ്ടപിളള, ജോയി എന്‍. ശാമുവല്‍ എന്നിവര്‍ ചേര്‍ന്ന് ഇടവകകളുടെ ഉപഹാരം മെത്രാപ്പോലീത്തായ്ക്കു സമര്‍പ്പിച്ചു. ഈ ഉപഹാരം കേരളത്തിലെ ഡയാലിസിസ് ചികിത്സ തേടുന്ന 85 രോഗികളെ സഹായിക്കുന്നതിനുപയോഗിക്കും.

തുടര്‍ന്നു മെത്രാപ്പോലീത്ത വിശിഷ്ടാതിഥികളുടെയും കുട്ടികളുടെയും സാന്നിധ്യത്തില്‍ കേക്കു മുറിച്ചു മറുപടി പ്രസംഗം നടത്തി.

ഡോ. ഏബ്രഹാം മാര്‍ത്തോമായുടെ മാരാമണ്‍ കണ്‍വന്‍ഷനിലെ പ്രസിദ്ധമായ പ്രാര്‍ഥന 'എന്റെ ജനത്തെ ചിതറിക്കണമേ' എന്ന് അന്യര്‍ഥമാക്കും വിധം ലോകത്തിന്റെ നാനാ ഭാഗത്തെക്കും മാര്‍ത്തോമ സഭാംഗങ്ങളെ ദൈവം ചിതറിച്ചു. സഭ വളര്‍ന്നു വലുതായിക്കൊണ്ടിരിക്കുന്നു. തുറന്ന വേദപുസ്തകത്തിന്റെ വക്താക്കളായി അനുരഞ്ജനത്തിന്റെ സന്ദേശവാഹകരായി തീരാന്‍ മെത്രാപ്പോലീത്ത വിശ്വാസികളെ ആഹ്വാനം ചെയ്തു.

സമ്മേളനത്തിന്റെ സംഘാടകരായ ഇമ്മാനുവല്‍, ട്രിനിറ്റി ഇടവകളിലെ മലയാളം, ഇംഗ്ളീഷ് ഗായക സംഘങ്ങള്‍ ആലപിച്ച ഗാനങ്ങള്‍ ചടങ്ങിനു മാറ്റുകൂട്ടി. മെത്രാപ്പോലീത്തായുടെ സെക്രട്ടറി റവ. സിജോ ജോണ്‍, ഫാ. എം.ടി. ഫിലിപ്പ് എന്നിവരും സംബന്ധിച്ചു. ട്രിനിറ്റി ഇടവക വികാരി റവ. കൊച്ചുകോശി ഏബ്രഹാം നന്ദി പറഞ്ഞു.

ഇമ്മാനുവല്‍ ട്രിനിറ്റി ഇടവകകളുടെ അസിസ്റന്റ് വികാരിമാരായ റവ. ജോണ്‍സണ്‍ തോമസ് ഉണ്ണിത്താന്‍, റവ. മാത്യൂസ് ഫിലിപ്പ് എന്നിവര്‍ എംസിമാരായിരുന്നു.

സമ്മേളനത്തിനു മുമ്പ് ജന്മദിനത്തോടനുബന്ധിച്ച് ഇമ്മാനുവല്‍ ദേവാലയ പരിസരത്ത് മെത്രാപ്പോലീത്ത വൃക്ഷം നട്ടു പിടിപ്പിച്ചു. സ്നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി