മെല്‍ബണ്‍ കത്തീഡ്രല്‍ ഇടവകയില്‍ ദുക്റാന തിരുനാള്‍ ജൂലൈ മൂന്നിന്
Wednesday, July 1, 2015 8:21 AM IST
മെല്‍ബണ്‍: ഇന്ത്യയുടെ പ്രഥമ അപ്പസ്തോലന്‍ വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മ ആചരിക്കുന്ന ദുക്റാന തിരുനാള്‍ മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ ആഘോഷിക്കുന്നു.

വൈകുന്നേരം 7.30 മുതല്‍ ഓക്ക്പാര്‍ക്കിലുള്ള സെന്റ് ഫ്രാന്‍സിസ് ഡി സെയ്ല്‍സ് ദൈവാലയത്തിലാണ് ആഘോഷങ്ങള്‍.

ഭാരതത്തിനു പുറത്ത് ക്രിസ്തുശിഷ്യനായ തോമാശ്ളീഹായുടെ നാമത്തില്‍ രണ്ടാമതായി രൂപംകൊണ്ട മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂരിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന അഘോഷപൂര്‍വമായ റാസ പാട്ടുകുര്‍ബാനയില്‍ വികാരി ജനറാള്‍ ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. രൂപത സ്ഥാപിതമായതിനുശേഷം ആദ്യമായാണ് പരിശുദ്ധ കുര്‍ബാനയുടെ സമ്പൂര്‍ണ രൂപമായ റാസ കുര്‍ബാന രൂപതയില്‍ അര്‍പ്പിക്കപ്പെടുന്നത്.

വിശുദ്ധ കുര്‍ബാനയിലും തുടര്‍ന്നു നടക്കുന്ന ആരാധനയിലും പങ്കെടുക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി കത്തീഡ്രല്‍ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍