ഇടയന്റെ സന്ദര്‍ശനം അനുഗ്രഹവര്‍ഷമായി
Thursday, July 2, 2015 5:11 AM IST
ഷിക്കാഗോ: ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൌസേബിയേസിന്റെ ഷിക്കാഗോ സന്ദര്‍ശനം ഇവിടുത്തെ നാല് ഇടവക ജനങ്ങള്‍ക്കും അനുഗ്രഹമായി. കഴിഞ്ഞ ഒരുമാസക്കാലമായി ഇവിടുത്തെ നാലു ഇടവകളായ എല്‍മസ്റ് സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച്, ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍, ഷിക്കാഗോ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, ഓക്ക്ലോണ്‍ സെന്റ് മേരീസ് ചര്‍ച്ച് എന്നീ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു. ഓരോ ഇടവകകള്‍ സന്ദര്‍ശിക്കുമ്പോഴും അവിടുത്തെ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, സ്ത്രീസമാജം, യൂത്ത് ലീഗ്, സണ്‍ഡേ സ്കൂള്‍, കിഡ്സ് ഫോര്‍ കൌസ്റ് എന്നീ സംഘടനകളുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടുകയും, അവരുമായി സംവേദിക്കുകയും ചെയ്തത് ഈ സംഘടനകള്‍ക്ക് ഊര്‍ജവും ഉന്മേഷവും പകരുന്നതായിരുന്നു.

ഓര്‍ത്തഡോക്സ് സഭയുടെ പൈതൃകമായ വിശ്വാസവും, പാരമ്പര്യവും തലമുറകളിലേക്കു പകരാന്‍ ഉതകുന്ന രീതിയില്‍ ഒരു മ്യൂസിയം, ഗവേഷണകേന്ദ്രം, ചാപ്പല്‍ എന്നിവ തന്റെ അരമനയോട് ചേര്‍ന്ന് പണിയേണ്ടതിന്റെ ആവശ്യകത തിരുമേനി ഊന്നിപ്പറയുകയുണ്ടായി. അതിനായി നാല് ദേവാലയങ്ങളിലേയും വികാരിമാര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, മലങ്കര സഭാ അസോസിയേഷന്‍ അംഗങ്ങള്‍, ഭദ്രാസന പ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്ന ഒരു പ്രത്യേക യോഗവും ചേര്‍ന്നു. ജൂലൈയില്‍ നടക്കുന്ന ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ഇതിനായുള്ള ഒരു റാഫിള്‍ ടിക്കറ്റ് വിതരണം കാതോലിക്കാ ബാവ നിര്‍വഹിക്കുമെന്നും തിരുമേനി അറിയിച്ചു. ഇതിന്റെ ഷിക്കാഗോ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഫാ. എബി ചാക്കോ (ചെയര്‍മാന്‍), ജോര്‍ജ് പണിക്കര്‍ (ജനറല്‍ കണ്‍വീനര്‍), തോമസ് വര്‍ഗീസ് (സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച്), രാജ്വ് കോര (സെന്റ് തോമസ് ചര്‍ച്ച്), ജോര്‍ജ് പൂഴിക്കുന്നേല്‍ (സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍), ഡോ. ബിനു ഫിലിപ്പ് (സെന്റ് മേരീസ് ചര്‍ച്ച്) എന്നിവര്‍ അടങ്ങുന്ന ഒരു കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ വികാരി ഫാ. ദാനിയേല്‍ ജോര്‍ജ് നന്ദി രേഖപ്പെടുത്തി. ഫാ. മാത്യൂസ് ജോര്‍ജ്, ഫാ. റ്റെജി ഏബ്രഹാം, ഫാ. ഹാം ജോസഫ്, ഫാ. എബി ചാക്കോ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സിലിന്റെ 'ഫാമിലി നൈറ്റ്' പരിപാടിയുടെ ഉദ്ഘാടനകര്‍മവും തിരുമേനി നിര്‍വഹിക്കുകയുണ്ടായി. തിരുമേനിയുടെ ഒരുമാസത്തെ ഷിക്കാഗോ സന്ദര്‍ശനത്തില്‍ ധാരാളം ഭവനങ്ങളില്‍ പോകുവാനും, പരിചയം പുതുക്കുവാനും, രോഗികളെ കാണുവാനുമൊക്കെ സാധിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്നു തിരുമേനി പറഞ്ഞു. ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം