സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയ കൂദാശ ജൂലൈ പതിനൊന്നിന്
Thursday, July 2, 2015 5:13 AM IST
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിനു സ്വപ്നസാഫല്യം. ന്യൂജേഴ്സി ഫ്രാങ്ക്ളിന്‍ ടൌണ്‍ഷിപ്പിന്റെ ഹൃദയഭാഗത്തു സോമര്‍സെറ്റിലെ വിശ്വാസികള്‍ക്ക് ഇനി സ്വന്തം ദൈവാലയം.

ഫ്രാങ്ക്ളിന്‍ ടൌണ്‍ഷിപ്പില്‍ പത്തേക്കര്‍ സ്ഥലത്ത് കേരളീയ ക്രൈസ്തവ ശില്പഭംഗി പ്രകടമാക്കുംവിധം പണിതീര്‍ത്ത പുതിയ ദേവാലയം ജൂലൈ പതിനൊന്നിനു രാവിലെ ഒമ്പതിനു ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് കൂദാശ ചെയ്ത് വിശ്വാസികള്‍ക്കു തുറന്നുകൊടുക്കും.

മെട്ടച്ചന്‍ ബിഷപ് പോള്‍ ജി. ബൂട്ടോസ്, തക്കല ബിഷപ് ജോര്‍ജ് രാജേന്ദ്രന്‍, നോര്‍ത്ത് അമേരിക്ക സീറോ മലങ്കര എക്സാര്‍ക്കേറ്റ് ബിഷപ്പ് ഡോ. തോമസ് മാര്‍ യൌസേബിയോസ്, ഷിക്കാഗോ രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, ചാന്‍സലര്‍ റവ. ഡോ. സെബാസ്റ്യന്‍ വേത്താനത്ത്, അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി എന്നിവര്‍ക്കൊപ്പം നിരവധി വൈദികരും സഹകാര്‍മികരായിരിക്കും. നിരവധി കന്യാസ്ത്രീകളും സന്നിഹിതരായിരിക്കും.

രണ്ടായിരമാണ്ടില്‍ മാസത്തിലൊരിക്കല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ഏതാനും കുടുംബങ്ങള്‍ ഒരുമിച്ചു ചേര്‍ന്നതിലൂടെ ആരംഭിച്ച ഈ സമൂഹം അനന്തമായ ദൈവകൃപയിലൂടെ വളര്‍ന്ന് ഇന്ന് ഇരുന്നൂറില്‍പ്പരം കടുംബങ്ങളുള്ള ഇടവകയായി മാറിക്കഴിഞ്ഞു. ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. തോമസ് പെരുനിലം തുടങ്ങിയവരുടെ സ്തുത്യര്‍ഹമായ സേവനവും, നേതൃപാടവവും ദൈവാലയ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടി. പുതിയ ദൈവാലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 2013 ജൂലൈ 14-നു മാര്‍ ജേക്കബ് അങ്ങാടിയത്ത് തുടക്കംകുറിച്ചു.

വികാരി ഫാ. തോമസ് കടുകപ്പിള്ളിയുടെ നേതൃത്വത്തില്‍ ദേവാലയ കമ്മിറ്റിയും പാരീഷ് കൌണ്‍സിലും, വിവിധ ഭക്തസംഘടനകളും, യുവജനകൂട്ടായ്മയും ഒത്തൊരുമിച്ച് നടത്തിയ പ്രയത്നങ്ങളാണ് ഇതിനു കരുത്തേകിയത്. സോമര്‍സെറ്റ് ഇടവകയെ 2014 ഏപ്രില്‍ 27-നു ഫൊറോനാ പദവയിലേക്ക് ഉയര്‍ത്തി. അഞ്ഞൂറില്‍പ്പരം പേര്‍ക്ക് ഒരുമിച്ച് ആരാധന നടത്താന്‍ സൌകര്യമുള്ള ദൈവാലയവും, ആയിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ ഹാളും സിസിഡി ക്ളാസുകള്‍ നടത്താന്‍ പത്ത് മുറികളും ഉള്‍പ്പെടുന്നതാണ് കെട്ടിട സമുച്ചയം. നൂറ്റമ്പതില്‍പ്പരം കാറുകള്‍ക്കു പാര്‍ക്ക് ചെയ്യാവുന്ന സൌകര്യവും ഇതോടനുബന്ധിച്ചുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. തോമസ് കടുകപ്പിള്ളില്‍ (വികാരി) 908 837 9484, റ്റോം പെരുമ്പായില്‍ (ട്രസ്റി) 646 326 3708, തോമസ് ചെറിയാന്‍ പടവില്‍ (ട്രസ്റി) 908 906 1709, മേരിദാസന്‍ തോമസ് (ട്രസ്റി) 201 912 6451, മിനേഷ് ജോസഫ് (ട്രസ്റി) 201 978 9828. വെബ്: ംംം..വീാേമ്യൃീിഷ.ീൃഴ സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം