ജാതി-മത-വര്‍ണ-വര്‍ഗ വ്യത്യാസങ്ങളില്ലാത്ത നിസ്വാര്‍ഥ സ്നേഹം ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം: അലക്സിയോസ് മാര്‍ യൌസേബിയോസ്
Thursday, July 2, 2015 8:07 AM IST
ഹൂസ്റണ്‍: പരിശുദ്ധ പത്രോസ് ശ്ളീഹായുടെ യേശുവിലുള്ള അഭേദ്യവിശ്വാസം മാനവികതയ്ക്കുവേണ്ടി ത്യാഗങ്ങള്‍ സഹിച്ചു വിശ്വാസപ്രഘോഷണം നടത്തുവാന്‍ അദ്ദേഹത്തെ സന്നദ്ധനാക്കി. അതുപോലെ ഭാവി തലമുറയെ വിശ്വാസത്തില്‍ രൂപപ്പെടുത്തുന്നതിനു ജാതി-മത-വര്‍ഗ വ്യത്യസമില്ലാതെ സഹജീവികളെ സ്നേഹിക്കുകയും അവര്‍ക്കുവേണ്ടി ത്യാഗങ്ങള്‍ അനുഭവിക്കുന്നതിനും നാമെല്ലാവര്‍ക്കും ബാധ്യതയുണ്െടന്ന് അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു. പരസ്പര സ്നേഹമില്ലാതെ നാം ജീവിച്ചാല്‍, അതു നമ്മുടെ വരും തലമുറയുടെ സ്വാഭാവ രൂപവത്കരണത്തെയും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൂസ്റനിലെ ഫ്രെസ്നോ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയിയുടെ പത്താമതു പെരുന്നാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ പള്ളിയിലെത്തിയ മെത്രാപ്പോലീത്തായെ ഇടവകയ്ക്കു വേണ്ടി റെജി സ്കറിയ, രാജു സഖറിയ, ഷിജിന്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ ഹൃദ്യമായി സ്വീകരിച്ചു.

പെരുന്നാളിനോടനുബന്ധിച്ചു നടന്ന സന്ധ്യ നമസ്കാരത്തിനു ഫാ. പി.എം. ചെറിയാന്‍, ഫാ. രാജേഷ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഏബ്രഹാം ഈപ്പന്‍