ആതുരശുശ്രൂഷാ രംഗത്ത് കര്‍മനിരതരായി നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ മെഡിക്കല്‍ ടീം
Thursday, July 2, 2015 8:11 AM IST
മെക്സിക്കോ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ ഭദ്രാസനത്തിന്റെ മെഡിക്കല്‍ മിഷന്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മെക്സിക്കോ കൊളോണിയ മാര്‍ത്തോമ ദേവാലയത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി.

ജൂണ്‍ 26, 27 തീയതികളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പിനു ഡോ. ജാസ്മിന്‍ സുലൈമാന്‍, ഡോ. മാണി കുരുവിള, ഡോ. അനിത കുരുവിള എന്നിവരുടെ നേതൃത്വത്തില്‍ പ്രഗല്ഭ ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങിയ മെഡിക്കല്‍ ടീം നേതൃത്വം നല്‍കി. നൂറോളം വരുന്ന രോഗികള്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുകയും ചികിത്സാ സഹായം നേടുകയും ചെയ്തു.

കൊളോണിയ മാര്‍ത്തോമ വിബിഎസിനോടനുബന്ധിച്ച് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിനു സഹായമായി വിബിഎസ് വോളന്റിയേഴ്സ് വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു. ഡോ. ജാസ്മിന്‍ സുലൈമാന്റെ നേതൃത്വത്തില്‍ സമാഹരിച്ച നൂറോളം വൈദ്യസഹായ കിറ്റുകള്‍ ക്യാമ്പില്‍ സൌജന്യമായി വിതരണം ചെയ്തു. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയൊഡോഷ്യസ് എപ്പിസ്കോപ്പായുടെ ആതുര സേവന രംഗത്തെ ദീര്‍ഘ വീക്ഷണ ഫലമായി രൂപീകൃതമായ മെഡിക്കല്‍ മിഷന്‍ ടീം ഭദ്രാസനത്തിലെ വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുള്‍ സംഘടിപ്പിച്ചു വരുന്നു.

ജോണ്‍, ഉഷ തോമസ്, മുഹമ്മദ് സുലൈമാന്‍ എന്നിവര്‍ മെഡിക്കല്‍ ക്യാംമ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കുളള ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി. കൊളോണിയ മാര്‍ത്തോമ അങ്കണത്തില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും ഭദ്രാസന മെഡിക്കല്‍ മിഷന്‍ ടീം നന്ദി പറഞ്ഞു.

ഭദ്രാസന മീഡിയ കമ്മിറ്റിക്കു വേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ബെന്നി പരിമണം