ഡോവര്‍ സെന്റ് തോമസ് ഇടവകയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു
Friday, July 3, 2015 7:06 AM IST
ന്യൂയോര്‍ക്ക്: ആരാധനയും ആതുരസേവനവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും വിശ്വാസികള്‍ സമൂഹത്തിന്റെ ദുര്‍ബലര്‍ക്കൊപ്പം സഹായമനസ്കതയോടെ നില കൊള്ളണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ ദ്വിതീയന്‍ കാതോലിക്കാ ബാവ. ഡോവര്‍ സെന്റ് തോമസ് ഇടവകയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സെന്റ് തോമസ് ഇടവക ആതുരസേവനം നടത്തുന്നതില്‍ സംതൃപ്തി അറിയിച്ച ബാവ സാമൂഹികവും ജീവകാരുണ്യവുമായ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസികള്‍ കൂടുതലായി പങ്കെടുക്കണമെന്ന് ഉദ്ഘോഷിച്ചു.

എല്ലാ മതങ്ങളും പ്രബോധിപ്പിക്കുന്ന ആതുരസേവനം വേദപുസ്തക അടിസ്ഥാനത്തിലുള്ളതാണ്. യേശുക്രിസ്തുവിന്റെ പ്രവര്‍ത്തന മേഖല ആരാധനയുടെയും ആതുരസേവനത്തിന്റേതുമായിരുന്നു. യേശു ഇതിനായി സമയം കണ്െടത്തിയിരുന്നു. ഈ പാത പിന്തുടര്‍ന്നു ഡോവര്‍ സെന്റ് തോമസ് ഇടവക വിശ്വാസികള്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനം സഭയ്ക്കുതന്നെ മാതൃകാപരമാണെന്നും ബസേലിയോസ് മാര്‍ത്തോമ ദ്വിതീയന്‍ കാതോലിക്കാ ബാവ പ്രസ്താവിച്ചു. പുതുപ്പാടി സെന്റ് ഗ്രിഗോറിയോസ് ഡയാലിസിസ് സെന്ററിനു ഒരു ഡയാലിസിസ് മെഷീന്‍ വാങ്ങിക്കാനുള്ള തുക ജൂബിലി സമ്മാനമായി നല്‍കിയതിനെ ഓര്‍മിപ്പിച്ചായിരുന്നു ബാവ ഇങ്ങനെ പ്രസ്താവിച്ചത്. നാട്ടിലെ അര്‍ഹരായിക്കുന്നവരെ സഹായിക്കുന്നതിനോടൊപ്പം കര്‍മഭൂമിയിലെ ആവശ്യക്കാരെയും കണ്ടില്ലെന്നു നടിക്കരുത്. നിങ്ങള്‍ക്കു ചുറ്റുമുള്ള അശരണരെയും അര്‍ഹരായവരെയും സംരക്ഷിക്കാനും അവര്‍ക്കു സഹായം ചെയ്തു കൊടുക്കാനും സമയവും ഊര്‍ജവും കണ്െടത്തണം. ജൂബിലിയോനുബന്ധിച്ച് ഇടവകയ്ക്കു തുടക്കം കുറിച്ച വൈദികനെയും കുടുംബത്തെയും ആദരിക്കാന്‍ കാട്ടിയ മഹാമനസ്കതയെയും ബാവ ശ്ളാഘിച്ചു. നല്ല മനസിനുടമകളായ നിങ്ങളെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുകയാണ്. ഇത് തുടര്‍ന്നു വരുന്നവര്‍ക്കെല്ലാം മാതൃകാപരമായ പ്രവര്‍ത്തനമായി മാറണമെന്നും നിലവിളക്ക് തെളിച്ച് ജൂബിലി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് ബാവ പറഞ്ഞു.

കാതോലിക്കാനിധി സമാഹാരണ ദൌത്യവുമായി അമേരിക്കയില്‍ ശ്ളൈഹിക സന്ദര്‍ശനത്തിനെത്തിയ ബാവയുടെ ആദ്യ പരിപാടിയായിരുന്നു ജൂബിലി ആഘോഷിക്കുന്ന ഡോവര്‍ സെന്റ് തോമസ് ഇടവക സന്ദര്‍ശനം. നേരത്തെ ഇടവക വിശ്വാസികള്‍ക്ക് ആത്മീയസന്ദേശം നല്‍കിയ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനാധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസും ബാവയുടെ ഉദ്ബോധനപ്രസംഗത്തിന്റെ അതേപാതയിലാണ് സംസാരിച്ചത്. പ്രാദേശികമായ ജീവകാരുണ്യപദ്ധതികള്‍ ഏറ്റെടുത്തു നടത്തണം. ഒപ്പം സമൂഹത്തിലെ അശരണരുടെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ഇടപെടുകയും വേണം. നാം ജീവിക്കുന്ന ചുറ്റുപാടിലുള്ള സമൂഹത്തിന്റെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി അവരിലൊരാളായി നാം മാറണം. നിങ്ങളാരാധിക്കുന്ന സ്ഥലത്തുതന്നെയുള്ള സമൂഹത്തിലെ പദ്ധതികളില്‍ കൂടുതലായി പങ്കാളികളാവുക, അതു വിജയിപ്പിക്കാന്‍ ശ്രമിക്കുക. സമൂഹത്തിലെ നല്ല വശങ്ങളില്‍ പങ്കാളികളാവണമെന്നും സഖറിയ മാര്‍ നിക്കോളോവോസ് വിശ്വാസികളോടു പറഞ്ഞു.

ഡോവര്‍ നഗരസഭയുടെ അഭിവാദ്യങ്ങള്‍ ടൌണ്‍ഷിപ്പ് കൌണ്‍സില്‍ വുമണ്‍ സിന്ധ്യ റോമെയ്ന്‍ അര്‍പ്പിച്ചു. ഇടവകയുടെ പേരില്‍ ബാവ സിന്ധ്യ റൊമെയ്നിനു പ്രശംസാ ഫലകം നല്‍കി. ഇടവക ജോയിന്റ് സെക്രട്ടറി ജോളി കുരുവിള കൌണ്‍സില്‍ വുമണിനെ പരിചയപ്പെടുത്തി. സഭാ വൈദിക ട്രസ്റി റവ.ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഭദ്രാസന കൌണ്‍സില്‍ സെക്രട്ടറി ഫാ. എം.കെ കുര്യാക്കോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പരിശുദ്ധ ബാവയ്ക്ക് ഇടവകയുടെ ഉപഹാരം വികാരി ഫാ. ഷിബു ഡാനിയേല്‍ നല്‍കി.

25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടവകയ്ക്കു തുടക്കം കുറിച്ച റവ. സി.എം. ജോണ്‍ കോര്‍ എപ്പിസ്കോപ്പായെയും പത്നി സാറാമ്മ ജോണിനെയും ബാവ പൊന്നാട അണിയിച്ചാദരിച്ചു. ജൂബിലി സ്മാരകമായി പുതുപ്പാടി സെന്റ് ഗ്രിഗോറിയോസ് ഡയാലിസിസ് സെന്ററിനു ഒരു ഡയാലിസ് മെഷീന്‍ വാങ്ങിക്കാനുള്ള തുകയുടെ ആദ്യ ഗഡു ഡയറക്ടര്‍ ഫാ. ബോബി പീറ്ററിനു ബാവ കൈമാറി. ബില്‍ഡിംഗ് ഫണ്ട് ഉദ്ഘാടനം മാനേജിംഗ് കമ്മിറ്റിയംഗം മാത്യു സി. മാത്യുവില്‍നിന്നു ചെക്ക് സ്വീകരിച്ചു ബാവ നിര്‍വഹിച്ചു. ഭദ്രാസന മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് തുമ്പയിലാണ് ഈ സെഗ്മെന്റ് അവതരിപ്പിച്ചത്.

വികാരി ഫാ. ഷിബു ഡാനിയേല്‍ സ്വാഗതവും ഭദ്രാസന കൌണ്‍സില്‍ അംഗം ഷാജി കെ. വര്‍ഗീസ് കൃതജ്ഞതയും രേഖപ്പെടുത്തി.

നേരത്തെ പള്ളിയങ്കണത്തില്‍ ഡോവര്‍ പോലീസിന്റെ അകമ്പടിയോടെ എത്തിയ ബാവയെയും സംഘത്തെയും ഇടവകജനങ്ങള്‍ ഉള്‍പ്പെടെയുള്ള വിശ്വാസ സമൂഹം സ്വാഗതം ചെയ്തു. വികാരി ഫാ. ഷിബു ഡാനിയേല്‍ കത്തിച്ചു മെഴുകുതിരികള്‍ നല്‍കി സഭയുടെ വലിയ ഇടയനു പരമ്പരാഗതമായ സ്വാഗതമേകി. കാതോലിക്കേറ്റ് പതാകകളും മുത്തുക്കുടകളുമേന്തിയ വിശ്വാസികള്‍ ആശംസാഗാനം പാടിയാണു സ്വീകരണഘോഷയാത്രയില്‍ പങ്കെടുത്തത്. കേരളത്തനിമയുള്ള സ്വീകരണച്ചടങ്ങില്‍ ട്രസ്റി സുനോജ് തമ്പി ബാവായേയും സെക്രട്ടറി ഇന്ദിര തുമ്പയില്‍ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയേയും പുഷ്പഹാരം ചാര്‍ത്തി സ്വീകരിച്ചു. ജയ് ജയ് കാതോലിക്കോസ് വിളികള്‍ അന്തരീക്ഷത്തില്‍ മുഴങ്ങി. വിശ്വാസികള്‍ അണിയണിയായി വലിയ ഇടയനെ പള്ളിക്കുള്ളിലേക്കാനയിച്ചു. സന്ധ്യ നമസ്ക്കാരത്തോടെയാണു ചടങ്ങുകള്‍ക്ക് തുടക്കമായത്.

ഫാമിലി കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. വിജയ് തോമസ്, റവ. ഡോ. വര്‍ഗീസ് എം. ഡാനിയല്‍, ഫാ. വി.എം. ഷിബു, ഫാ. ഷിനോജ് തോമസ്, പരി. ബാവയുടെ സെക്രട്ടറി ഫാ. ജിന്‍സ് ജോണ്‍സണ്‍ എന്നിവരും കൌണ്‍സില്‍ അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പ്, അജിത് വട്ടശേരില്‍, ഫാമിലി കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ഡോ. ജോളി തോമസ് തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.