ഡോ. യൂയാക്കിം മാര്‍ കൂറിലോസ് ഡെലവര്‍വാലി മാര്‍ത്തോമ ഇടവക സന്ദര്‍ശിച്ചു
Friday, July 3, 2015 7:48 AM IST
ഡെലവര്‍വാലി: ഹൃസ്വസന്ദര്‍ശനാര്‍ഥം അമേരിക്കയില്‍ എത്തിച്ചേര്‍ന്ന മാര്‍ത്തോമ സഭ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസന അധ്യക്ഷനും നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മുന്‍ ഭദ്രാസനാധ്യക്ഷനുമായ ഡോ. യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പ പെന്‍സില്‍വാനിയയിലെ ഡെലവര്‍വാലി സെന്റ് തോമസ് മാര്‍ത്തോമ ഇടവക സന്ദര്‍ശിച്ച് വിവിധ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി.

മേയില്‍ ഇടവകവികാരിയായി ചുമതലയേറ്റ റവ. റോയി തോമസിന്റെ നേതൃത്വത്തില്‍ ഇടവകയിലെ വിശ്വാസ സമൂഹം എപ്പിസ്കോപ്പയ്ക്ക് ഊഷ്മള വരവേല്‍പ്പു നല്‍കി.

ജൂണ്‍ 28നു നടന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷയ്ക്ക് എപ്പിസ്കോപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. റവ. റോയി തോമസ് സഹകാര്‍മികത്വം വഹിച്ചു. ആരാധനയ്ക്കുശേഷം നടന്ന വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ സമാപന സമ്മേളനത്തിലും എപ്പിസ്കോപ്പ മുഖ്യാതിഥിയായി പങ്കെടുത്തു.

വേദപുസ്തക പഠനത്തിനു പ്രാമുഖ്യം നല്‍കി പ്രാര്‍ഥനാജീവിതത്തോടുകൂടി വളര്‍ന്നു മൂല്യബോധമുള്ള തലമുറയെ കെട്ടിപ്പെടുക്കാന്‍ ദൈവം ഓരോരുത്തരെയും ശക്തീകരിക്കട്ടെയെന്ന് എപ്പിസ്കോപ്പ കുട്ടികളോടെ ആഹ്വാനം ചെയ്തു.

നൂറില്‍പരം കുട്ടികള്‍ പങ്കെടുത്ത വിബിഎസിന്റെ വിജയകരമായ നടത്തിപ്പിനു ബെറ്റി ചാണ്ടി, സവിത രാജമണി, ബംബിനോ ചാക്കോ എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു.

29നു നടന്ന സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പ് മീറ്റിംഗിലും ഡോ. യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ് സ്കോപ്പ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തി.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി