മാലിന്യപ്രശ്നത്തില്‍ വീര്‍പ്പുമുട്ടി ആനെപ്പാളയ
Friday, July 3, 2015 8:09 AM IST
ബംഗളൂരു: മാലിന്യക്കൂമ്പാരം മൂലം പകര്‍ച്ചവ്യാധി ഭീഷണിയില്‍ ആനെപ്പാളയ നിവാസികള്‍. നഗരത്തിലെ വിവിധയിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ആനെപ്പാളയയിലെ വഴിയരികില്‍ നിക്ഷേപിച്ച ശേഷമാണ് പിന്നീട് ബിബിഎംപിയുടെ മാലിന്യ ലോറികളില്‍ കയറ്റുന്നത്. ഈ മാലിന്യങ്ങള്‍ മൂലം സെക്കന്‍ഡ്, ഫോര്‍ത്ത്, സെവന്‍ത് ക്രോസുകളിലെ പ്രദേശവാസികള്‍ വലയുകയാണ്.

മാലിന്യ ലോറികള്‍ മൂലം ഇവിടെ ഗതാഗതതടസവും പതിവാണെന്നു നാട്ടുകാര്‍ പറയുന്നു. സ്കൂള്‍ കുട്ടികളടക്കം നിരവധി പേരാണ് ദിവസവും ഈവഴി യാത്രചെയ്യുന്നത്. മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പരാതിയുണ്ട്. മാലിന്യനിക്ഷേപം മൂലം കൊതുകുശല്യവും എലികളുടെ ശല്യവും രൂക്ഷമാണ്.

കാലവര്‍ഷവും എത്തിയതിനാല്‍ പ്രദേശം മുഴുവന്‍ പകര്‍ച്ചപ്പനിയുടെ ഭീതിയിലാണ്. മറ്റു ഭാഗങ്ങളില്‍ നിന്നുള്ള മാലിന്യം ജനവാസമേഖലകളില്‍ നിക്ഷേപിക്കുന്നതിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പ്രശ്നത്തിന് ഉടന്‍ ശാശ്വതപരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് പ്രദേശവാസികളുടെ തീരുമാനം.