ആദി ക്രിയേഷന്‍സ് കാനഡ, മലയാള സിനിമാ നിര്‍മാണരംഗത്തേക്ക്
Monday, July 6, 2015 5:13 AM IST
ഒന്റാരിയോ : ബ്രാംപ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആദി ക്രിയേഷന്‍സ് കാനഡ, കൊച്ചിയിലെ വണ്‍ മാന്‍ സ്റുഡിയോയുമായി സഹകരിച്ചു മലയാളി ഹ്രസ്വ ചിത്രങ്ങള്‍ നിര്‍മിക്കുന്നു. കേരളത്തില്‍ ഇന്ന് വളര്‍ന്നു വരുന്ന സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നതിനു വേണ്ടി നിര്‍മിക്കുന്ന ചിത്രം 30 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് . ഏറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിച്ച സിനിമയുടെ തിരക്കഥയും സംവിധാനവും ഡോണ്‍ സാക്കിയും കാമറ അമല്‍ ജോയിയും ആണു നിര്‍വഹിച്ചിരിക്കുന്നത്. പ്രമുഖ സീരിയല്‍ നടന്‍ ടി.ആര്‍. രാജേന്ദ്രന്‍ പ്രധാന നടനും, വിനീഷ്, അബ്ദു എന്നിവര്‍ സഹ നടന്മാരും ആണ്. അച്ചു, അനീഷ സീന എന്നിവര്‍ നടിമാരായുള്ള ചിത്രത്തിന്റെ ഉള്ളടക്കം സസ്പെന്‍സ് നിറഞ്ഞതാണെന്നു നിര്‍മാതാക്കള്‍ അറിയിച്ചു.

വിദേശത്തുള്ള പ്രദര്‍ശനം കൂടി കണക്കില്‍ എടുത്തു ഇംഗ്ളീഷ് സബ് ടൈറ്റിലോടുകൂടി ഇറങ്ങുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നതു ഡോണ്‍ ആണ് . ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനങ്ങളിലേക്കു നല്ല സന്ദേശമെത്തിക്കുന്ന ഡോകുമെന്ററി ചിത്രനിര്‍മാണം ആണ് ആദി ക്രിയേഷന്‍സ് ലക്ഷ്യമിടുന്നതെന്നു മാധ്യമപ്രവര്‍ത്തകനും, സാഹിത്യകാരനും, നിര്‍മാതാവും ആയ ജയശങ്കര്‍ പിള്ള അറിയിച്ചു.