അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: വിവിധ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു
Monday, July 6, 2015 8:19 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര അതി ഭദ്രാസനത്തിന്റെ 29 -ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 15 മുതല്‍ 18 വരെ ലാന്‍കാസ്റര്‍ ഹോസ്റ് റിസോര്‍ട്ടില്‍ നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

സഭാ ചരിത്രത്തിലാദ്യമായി ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായും ശ്രേഷ്ഠ കാതോലിക്ക ബാവായും മറ്റു മെത്രാപ്പോലീത്താമാരും ഇതര സഭാ മേലധ്യക്ഷന്മാരും സംബന്ധിക്കുന്ന കുടുംബമേള സഭയുടെ ചരിത്രത്തിന്റെ ഏടുകളില്‍ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു മഹാ സംഭവമാക്കി മാറ്റുന്നതിനുളള എല്ലാ നടപടികളും അവസാന ഘട്ടത്തിലാണെന്നും അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിച്ചേരുന്ന നൂറു കണക്കിനു വിശ്വാസികളെ വരവേല്‍ക്കുവാന്‍ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായും പബ്ളിസിറ്റിയുടെ ചുമതല വഹിക്കുന്ന ഫാ. പോള്‍ തോട്ടക്കാട്ട് അറിയിച്ചു.

കാനഡയിലേയും അമേരിക്കയിലെയും വിവിധ ഭാഗങ്ങളില്‍നിന്നും എത്തിച്ചേരുന്ന വിശ്വാസികളുടെ സൌകര്യാര്‍ഥം ഫിലാഡല്‍ഫിയ എയര്‍പോര്‍ട്ടില്‍നിന്നും കോണ്‍ഫറന്‍സ് വേദിയിലേക്ക് എത്തിച്ചേരുന്നതിനു കുടംബ മേളയുടെ ആദ്യ ദിവസവും അവസാന ദിവസവും വാഹന സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്െടന്ന് ട്രാന്‍സ്പോര്‍ട്ടേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.ഒ. ജേക്കബ് അറിയിച്ചു. കൂടാതെ ലാന്‍കാസ്റര്‍ 'ബൈബിള്‍ ഷോ'യ്ക്ക് എത്തിച്ചേരുന്നതിനുളള ക്രമീകരണവും ഒരുക്കിയിട്ടിണ്ട്.

നാലു ദിവസങ്ങളിലായി നടക്കുന്ന കുടുംബ മേളയില്‍ സംബന്ധിക്കുന്ന വിശിഷ്ടാ തിഥികള്‍ക്കും വിശ്വാസികള്‍ക്കും വളരെ ക്രമാതീതമായ രീതിയില്‍ത്തന്നെ താമസ സൌകര്യവും ഭക്ഷണവും ഒരുക്കുന്നതിനുളള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി കോ-ഓര്‍ഡിനേറ്റര്‍ ജോയി ഇട്ടന്‍ അറിയിച്ചു.

കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്ന സഭാ വിശ്വാസികളുടെ ആത്മീയ കൂട്ടായ്മയോടൊപ്പംതന്നെ അവരുടെ കായിക അഭിരുചി പരിപോഷിപ്പിക്കുന്നതിനും മാനസികോല്ലാസം പ്രദാനം ചെയ്യുന്നതിനുമായി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേകം പ്രത്യേകമായുളള കായിക മത്സരങ്ങളും ഒരുക്കിയിട്ടുണ്െടന്നു സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ ബേബി തര്യത്ത് അറിയിച്ചു.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍