ഗ്രീസിന്റെ ഭാവി ഇനിയെന്ത് ?
Monday, July 6, 2015 8:21 AM IST
ഏഥന്‍സ്: ഹിതപരിശോധനയില്‍ ഗ്രീക്ക് ജനത 'നോ' എന്നു വിധിയെഴുതിക്കഴിഞ്ഞു. ഇനി ഗ്രീസിന്റെ ഭാവി എന്ത് എന്ന ചോദ്യം യൂറോപ്പിലാകമാനം അലയടിക്കുകയാണ്. ജര്‍മന്‍ ചാന്‍സലര്‍ ആംഗലാ മെര്‍ക്കല്‍ നടത്തിയ അനുരഞ്ജന ശ്രമങ്ങള്‍ക്കൊക്കെയും ഒരു വലിയ തിരിച്ചികൂടിയാണ് ഗ്രീക്കുകാരുടെ പ്രതികൂല വിധിയെഴുത്ത്.

യൂറോസോണില്‍നിന്നും യൂറോപ്യന്‍ യൂണിയനില്‍നിന്നും ഗ്രീസ് പുറത്തുപോകാനുള്ള സാധ്യതകൂടിയാണ് ഹിതപരിശോധന ഫലത്തിലൂടെ തെളിഞ്ഞുവന്നിരിക്കുന്നത്.

ഉപാധികള്‍ അംഗീകരിക്കില്ലെന്ന് ഉറപ്പായതോടെ രക്ഷാപാക്കേജിന്റെ അടുത്ത ഗഡുവും ഗ്രീസിനു ലഭിക്കില്ലെന്ന് ഉറപ്പായി. ഇതോടെ നിത്യച്ചെലവുകള്‍ക്കു പോലും പണം കണ്ടെത്താന്‍ സര്‍ക്കാര്‍ വിഷമിക്കും.

യൂറോയില്‍നിന്നു പിന്‍മാറുന്നതോടെ പഴയ ഡ്രാക്മ വീണ്ടും അച്ചടിക്കാന്‍ ഗ്രീസ് നിര്‍ബന്ധിതമായേക്കും. എന്നാല്‍, ഇതിനുള്ള സൌകര്യം ഇപ്പോള്‍ രാജ്യത്ത് എവിടെയുമില്ല. കറന്‍സി മാറുന്നതുവഴിയുള്ള മറ്റു സാങ്കേതിക പ്രശ്നങ്ങള്‍ വേറെ. എടിഎമ്മുകളും കംപ്യൂട്ടറുകളുമെല്ലാം മാറ്റി പ്രോഗ്രാം ചെയ്യേണ്ടിവരും. ഇതിനു മാസങ്ങള്‍തന്നെ വേണം. പണച്ചെലവ് വേറെ.

ഗ്രീക്ക് സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയാണു സാധ്യമായ മറ്റൊരു പ്രധാന കാര്യം. യൂറോപ്യന്‍ യൂണിയനിലാകെ ഇതു പ്രതിഫലിക്കാനും സാധ്യത. കറന്‍സി സംബന്ധമായ ആശയക്കുഴപ്പങ്ങള്‍ തുടര്‍ന്നാല്‍ ഗ്രീസിലേക്കുള്ള വിനോദസഞ്ചാര വരുമാനത്തിലും വലിയ ഇടിവു വരും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍