വിജയന്‍ ജയില്‍ മോചിതനായി
Tuesday, July 7, 2015 8:21 AM IST
റിയാദ്: മൂന്നാഴ്ച മുമ്പ് കാണാതാവുകയും പിന്നീട് മലസ് ജയിലില്‍ അകപ്പെട്ടതാണെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ കണ്െടത്തുകയും ചെയ്ത വടകര നാദാപുരം പുറമേരി പാറച്ചാലില്‍ വിജയന്‍ (48) തന്റെ നിരപാരാധിത്വം ബോധ്യപ്പെടുത്തി ചൊവ്വാഴ്ച രാവിലെ ജയില്‍ മോചിതനായി.

ഇസുസു ട്രക്കിന്റെ ഡ്രൈവറായി വര്‍ഷങ്ങളായി റിയാദില്‍ ജോലി ചെയ്യുന്ന വിജയന്‍ മൂന്നാഴ്ച മുമ്പ് ജോലി സ്ഥലത്തേക്ക് വണ്ടിയുമായി പോകുന്ന വഴിയിലാണ് പോലീസ് പിടിയിലാകുന്നത്. വിജയനെ കാണാനില്ലെന്ന വിവരമറിഞ്ഞ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിരന്തരമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മലസ് ജയിലിലുണ്െടന്നു കണ്െടത്തിയത്.

ജോലിക്കു പോകുന്ന വഴിയില്‍ രണ്ട് അറബ് പൌരന്‍മാര്‍ ട്രക്ക് വാടകക്ക് വിളിക്കുകയായിരുന്നു. അവര്‍ തന്ന ലോഡും കയറ്റി അവരോടൊപ്പം മലസ് വഴി പോകുമ്പോള്‍ പോലീസ് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. കിഴക്കന്‍ പ്രവിശ്യ മുതല്‍ അറബ് വംശജരെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിന്തുടര്‍ന്ന പോലീസുകാരാണ് ഇവരെ പിടികൂടിയത്. ഇവര്‍ വിജയന്റെ വണ്ടിയില്‍ കയറ്റിയത് മയക്കു മരുന്നായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. രഹസ്യമായി ഇവരെ പിന്തുടര്‍ന്നിരുന്ന പോലീസിനു വിജയന്‍ നിരപരാധിയാണെന്ന് കണ്െടത്താന്‍ പ്രയാസമുണ്ടായില്ല. വിജയനു മയക്കുമരുന്ന് കടത്തുമായി ബന്ധമില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വിജയനെ സാമൂഹ്യ പ്രവര്‍ത്തകരുടേയും സ്പോണ്‍സറുടേയും കൂടെ പോകാന്‍ അനുവദിച്ചത്.

വിജയനെ കാണാതായതു മുതല്‍ സാമൂഹ്യ മാധ്യമങ്ങളിലും പത്രങ്ങളിലും വലിയ വാര്‍ത്തയായിരുന്നു. കോഴിക്കോട് ഒഐസിസി ഭാരവാഹി ജയപ്രദീഷ്, സുഹൃത്തുക്കളായ ദിനേഷ്, മുസ്തഫ, രാജീവ്, ലത്തീഫ് തെച്ചി പ്രവാസി സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ വിജയനുവേണ്ടി ആശുപത്രികളും പോലീസ് സ്റേഷനുകളിലും അന്വേഷണം നടത്തിയിരുന്നു. തന്റെ മോചനത്തിനായി പരിശ്രമിച്ച മുഴുവന്‍ സാമൂഹ്യ പ്രവര്‍ത്തകരോടും വിജയന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍