വാര്‍ഷികാഘോഷത്തിനൊരുങ്ങി മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത
Friday, July 10, 2015 6:38 AM IST
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപത സ്ഥാപന വാര്‍ഷികത്തോടനുബന്ധിച്ചുള്ള പൊതുയോഗം ജൂലൈ 11നു (ശനി) ബന്‍ഡൂര ലാട്രോബ് യൂണിവേഴ്സിറ്റി യൂണിയന്‍ ഹാളില്‍ നടക്കും.

ഉച്ചകഴിഞ്ഞ് 1.45നു തുടങ്ങുന്ന വാര്‍ഷിക പൊതുയോഗത്തില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ സ്വാഗതം ആശംസിക്കും. മെല്‍ബണ്‍ യുക്രേനിയന്‍ രൂപത ബിഷപ് പീറ്റര്‍സ്റാസിക്, മെല്‍ബണ്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ടെറി കര്‍ട്ടിന്‍, വിക്ടോറിയന്‍ ഫാമിലി ആന്‍ഡ് യൂത്ത് അഫയേഴ്സ് മിനിസ്റര്‍ ജെന്നി മിക്കാകോസ്, വിക്ടോറിയന്‍ മള്‍ട്ടികള്‍ച്ചറല്‍ ഷാഡോ മിനിസ്റര്‍ ഇന്‍ഗ പെലിച്ച്, കാത്തലിക് ഡെവലപ്മെന്റ് ഫണ്ട് സിഇഒ മാത്യു കാസിന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിക്കും. പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി ജീന്‍ തലാപ്പിള്ളില്‍ ചടങ്ങില്‍ കൃതജ്ഞത അര്‍പ്പിക്കും.

കാത്തലിക് സൂപ്പര്‍ മാനേജര്‍ ആന്റണി മക്കാര്‍ത്തി, ഹനം സിറ്റി കൌണ്‍സിലര്‍ ചന്ദ്ര ദയാ ബാമു സിന്‍ഗേ, കാത്തലിക് ചര്‍ച്ച് ഇന്‍ഷ്വറന്‍സ് മാനേജര്‍ പീറ്റര്‍ ഡോഹര്‍ട്ടി, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് വിക്ടോറിയ പ്രസിഡന്റ് തോമസ് ജോസഫ് എന്നിവര്‍ അതിഥികളായി പങ്കെടുക്കും.

തുടര്‍ന്നു നടക്കുന്ന ആഘോഷമായ കൃതജ്ഞതാബലിയില്‍ മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, രൂപതയിലെ എല്ലാ വൈദികരും സഹകാര്‍മികരായിരിക്കും.

2013 ഡിസംബര്‍ 23നാണു ഫ്രാന്‍സിസ് മാര്‍പാപ്പ മെല്‍ബണ്‍ കേന്ദ്രമായി ഓസ്ട്രേലിയയില്‍ സീറോ മലബാര്‍ രൂപതയും രൂപത അധ്യക്ഷനായി മാര്‍ ബോസ്കോ പുത്തൂരിനെയും പ്രഖ്യാപിച്ചത്. 2014 മാര്‍ച്ച് 25ന് മെല്‍ബണ്‍ അതിരൂപത കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ രൂപത സ്ഥാപനവും മാര്‍ ബോസ്കോ പുത്തൂരിന്റെ സ്ഥാനാരോഹണവും നടന്നു. 2015 മാര്‍ച്ചില്‍ മെല്‍ബണ്‍ സിറ്റിയോട് ചേര്‍ന്നുള്ള പ്രസ്റണില്‍ രൂപത കാര്യാലയം-സാന്‍തോം- ആരംഭിച്ചു.

ഓസ്ട്രേലിയയിലെ ആറു സംസ്ഥാനങ്ങളിലും ടെറിട്ടറികളിലുമായി ഏകദേശം 30 ഓളം സീറോ മലബാര്‍ കമ്യൂണിറ്റികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. 25 ഓളം വൈദികര്‍ രൂപതയ്ക്കായി വിവിധ സമൂഹങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്.

ഓസ്ട്രേലിയയിലെ വിവിധ ഗ്രാമങ്ങളിലും നഗരങ്ങളിലും കുടിയേറി പാര്‍ത്തിരിക്കുന്ന വിശ്വാസികളെ ഒരുമിപ്പിച്ച് സഭാസമൂഹങ്ങള്‍ക്കു രൂപം കൊടുക്കുവാന്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂരിന്റെ നേതൃത്വത്തില്‍ വൈദികരും അല്മായരും അക്ഷീണം പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. എല്ലാ കമ്യൂണിറ്റികളിലും ആഴ്ചയിലൊരിക്കല്‍ കട്ടികള്‍ക്കുള്ള വിശ്വാസപരിശീലന ക്ളാസുകള്‍ നല്ല രീതിയില്‍ നടത്തിവരുന്നു. ഫാ. വര്‍ഗീസ് വാവോലിന്റെ നേതൃത്വത്തിലുള്ള രൂപത മതബോധന വിഭാഗം വിശ്വാസ പരിശീലകര്‍ക്കാവശ്യമായ പരിശീലനങ്ങളും സെമിനാറുകളും സംഘടിപ്പിക്കുന്നു. ഫാ. ജോര്‍ജ് മങ്കുഴിക്കരിയുടെ നേതൃത്വത്തിലുള്ള രൂപത കുടുംബ പ്രേഷിതവിഭാഗം വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം വിവാഹ ഒരുക്ക കോഴ്സുകള്‍ നടത്തിവരുന്നു. കേരളത്തിലെ വിവിധ വചനപ്രഘോഷകരുടെ സഹകരണത്തോടെ രൂപതയുടെ എല്ലാ റീജണുകളിലും നടത്തുന്ന കണ്‍വന്‍ഷനുകള്‍ വിശ്വാസവളര്‍ച്ചയില്‍ വലിയ പങ്കാണു വഹിക്കുന്നത്. രൂപതയിലെ എല്ലാ സമൂഹങ്ങളിലും വൈദികരുടെ നേതൃത്വത്തില്‍ പാരിഷ്കൌണ്‍സിലുകള്‍ ഭംഗിയായി പ്രവര്‍ത്തിക്കുന്നു. മെല്‍ബണ്‍ രൂപതയില്‍ സേവനം ചെയ്യുന്നതിനായി കേരളത്തിലെ വിവിധ രൂപതകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട വൈദികവിദ്യാര്‍ഥികള്‍ സെമിനാരി പരിശീലനം നടത്തുന്നുണ്ട്.

ഓസ്ട്രേലിയയിലെ മറ്റു രൂപതകളുടെ പള്ളികളും സ്കൂളുകളും ഉപയോഗിച്ചാണ് ആഴ്ചതോറുമുള്ള ദിവ്യബലികളും മതപഠന ക്ളാസുകളും നടത്തിവരുന്നത്. സ്വന്തമായി സ്ഥലങ്ങള്‍ വാങ്ങി ദേവാലയങ്ങളും അനുബന്ധസൌകര്യങ്ങളും നിര്‍മിക്കുവാന്‍ വിവിധ സമൂഹങ്ങള്‍ തയാറെടുത്തുകൊണ്ടിരിക്കുന്നു. മെല്‍ബണ്‍ നോര്‍ത്ത്-വെസ്റ് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ വാങ്ങിയ മിക്കലമിലെ 15 ഏക്കര്‍ സ്ഥലത്ത് രൂപത കത്തീഡ്രലും ബിഷപ് ഹൌസും രൂപത കാര്യാലയവും നിര്‍മിക്കുന്നതിനുള്ള മാസ്റര്‍പ്ളാന്‍ തയാറാക്കി കൌണ്‍സിലിനു സമര്‍പ്പിച്ച് അനുമതിക്കായി കാത്തിരിക്കുന്നു.

തലമുറകള്‍ കൈമാറി തന്ന പാരമ്പര്യവും വിശ്വാസവും അതിന്റെ തനിമ ഒട്ടും കുറയാതെ വരും തലമുറയ്ക്ക് കൈമാറുവാന്‍ തങ്ങളുടെ കഴിവിനൊത്ത് പരിശ്രമിക്കുകയാണ് ഓസ്ട്രേലിയയിലെ സീറോ മലബാര്‍ സമൂഹം. വാര്‍ഷികാഘോഷത്തിനൊരുങ്ങുന്ന മെല്‍ബണ്‍ സീറോ മലബാര്‍ രൂപത മാര്‍ ബോസ്കോ പുത്തൂരിന്റെയും വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സിലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ എന്നിവരുടെയും ഒത്തൊരുമയോടുള്ള പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ വളര്‍ച്ചയുടെ പാതയിലേക്കു മുന്നേറുകയാണ്.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍