പ്രഫ. കെ.വി. തോമസിനും ജോര്‍ജ് കള്ളിവയലിനും ടെക്സസ് സ്റേറ്റിന്റെ ആദരം
Saturday, July 11, 2015 9:02 AM IST
ഹൂസ്റണ്‍: മുന്‍ കേന്ദ്ര മന്ത്രിയും ഇന്ത്യന്‍ പാര്‍ലമെന്റിലെ പബ്ളിക്ക് അക്കൌണ്ട്സ് കമ്മിറ്റി ചെയര്‍മാനുമായ പ്രഫ. കെ.വി തോമസ് എംപിയെയും പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദീപിക ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലിനെയും ടെക്സസ് സ്റേറ്റ് ആദരിച്ചു.

സൌത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ ഒമ്പതിനു രാവിലെ 10.30ന് മിസൌറി സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ടെക്സസ് സ്റേറ്റ് റപ്രസന്റേറ്റീവ് റോണ്‍ റെയ്നോള്‍ഡ്, മിസൌറി സിറ്റി മേയര്‍ അലന്‍ ഓവന്‍ എന്നിവരുടെ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായി.

മന്ത്രി, ജനപ്രതിനിധി എന്നീ നിലകളില്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് കാഴ്ചവച്ച പ്രര്‍ത്തനങ്ങളെ മാനിച്ചാണ് കെ.വി തോമസിനെ ആദരിച്ചതെങ്കില്‍ മാധ്യമ പ്രവര്‍ത്തനത്തിലൂടെ സമൂഹ നന്മക്കായി രാജ്യാന്തര തലത്തില്‍ നടത്തിയ ക്രിയാത്മകമായ ഇടപെടലുകളാണ് ജോര്‍ജ് കള്ളിവയലിനെ ആദരിച്ചത്. യോഗത്തില്‍ ഇരുവരെയും മേയര്‍ അലന്‍ ഓവന്‍ ടെക്സസ് സ്റേറ്റിലേക്ക് സ്വാഗതം ചെയ്യുകയും അനുമോദനമറിയിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു. നന്ദി സൂചകമായി പ്രഫ. കെ.വി.തോമസ് റോണ്‍ റെയ്നോള്‍ഡിനും അലന്‍ ഓവനും പ്ളാക്ക് നല്‍കി.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയേയും അമേരിക്കയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇത്തരം കൂട്ടായ്മകളിലൂടെ രാഷ്ട്രാന്തര സൌഹൃദം കൂടുതല്‍ ബലപ്പെടുകയേയുള്ളൂ. ഇവിടെ ആദരിക്കപ്പെട്ടവര്‍ ടെക്സസ് സംസ്ഥാനത്തിന്റെ മാത്രമല്ല അമേരിക്കയുടെ തന്നെ ഉത്തമ സുഹൃത്തുക്കളാണ്. അവര്‍ക്ക് ഭാവുകങ്ങള്‍ നേരുന്നു-റോണ്‍ റെയ്നോള്‍ഡ് ആശംസിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ ജനപ്രതിനിധിക്കും ഇന്ത്യയിലെ വാഷിംഗ്ടണ്‍ പോസ്റ് എന്ന് മനസിലാക്കാന്‍ സാധിച്ച പത്രത്തിന്റെ പ്രതിനിധിക്കും അഭിവാദ്യങ്ങള്‍. നിങ്ങളെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയ സൌത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഭാരവാഹികള്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ സ്നേഹത്തിന്റെ പാലം തീര്‍ക്കുകയാണ്. ചേംബറിന്റെ പുത്തന്‍ സംരംഭങ്ങളും നിക്ഷേപ പദ്ധതികളും നിങ്ങള്‍ക്കെന്നപോലെ ഈ രാജ്യത്തിനും ഗുണകരമാണ് - അലന്‍ ഓവന്‍ പറഞ്ഞു.

ചേംബര്‍ പ്രസിഡന്റ് ഡോ. ജോര്‍ജ് കാക്കനാട്ടാണ് സ്വാഗതം ആശംസിച്ചു. ചേംബര്‍ പിആര്‍ഒ ജിജു കുളങ്ങര യോഗത്തിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചു. സെക്രട്ടറി ജോര്‍ജ് ഈപ്പന്‍ എംസിയായിരുന്നു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജിജി ഓലിക്കന്‍, ഇവന്റ്സ് ഡയറക്ടര്‍ ജോര്‍ജ് കോളാച്ചേരില്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ബേബി മണക്കുന്നേല്‍, സണ്ണി കാരിക്കന്‍, സക്കറിയ കോശി, സുമന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം