പ്രവാസി മലയാളി രണ്ടാമത് കുടുംബസംഗമം ഓഗസ്റ് അഞ്ച്, ആറ്, ഏഴ് തീയതികളില്‍ തിരുവനന്തപുരത്ത്
Saturday, July 11, 2015 9:02 AM IST
തിരുവന്തപുരം: പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) രണ്ടാമത് കുടുംബസംഗമം ഓഗസ്റ് അഞ്ച്, ആറ്, ഏഴ് തീയതികളില്‍ തിരുവനന്തപുരത്തു നടക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളെ സ്വീകരിക്കുന്നതിനു കേരള തലസ്ഥാന നഗരി അണിഞ്ഞൊരുങ്ങുകയാണ്.

ഉദ്ഘാടന സമ്മേളനത്തിനും ചര്‍ച്ചാ ക്ളാസുകള്‍ക്കും സംവാദങ്ങള്‍ക്കും കലാപരിപാടികള്‍ക്കും തിരുവനന്തപുരം പബ്ളിക്ക് ലൈബ്രറിയില്‍ വേദിയൊരുങ്ങുമ്പോള്‍ ബിസിനസ് മീറ്റിംഗിനും സമാപന സമ്മേളനത്തിനും കനകക്കുന്ന് കൊട്ടാരം വേദിയാകും.

കോട്ടയത്തു നടന്ന പ്രഥമ ആഗോള കുടുംബസംഗമം വന്‍വിജയമായപ്പോള്‍ തലസ്ഥാന നഗരിയില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ആഗോള കുടുംബ സമ്മേളനം കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ വിദ്യാഭ്യാസ, മത, സാംസ്കാരിക സാഹിത്യ നായകന്മാര്‍, ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യം കൊണ്ടും വിജ്ഞാനപ്രദമായ പഠനക്ളാസുകള്‍, സിമ്പോസിയങ്ങള്‍, പൈതൃക പഠനയാത്ര, വനിതാ സമ്മേളനം, വിവിധ കലാപ്രകടനങ്ങള്‍ എന്നീ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടും മറ്റൊരു അവിസ്മരണീയ അനുഭവമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നേറുകയാണ്.

ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ പ്രവാസി മലയാളികളുടെ ആശയും ആവേശവുമായി മാറുവാന്‍ പ്രവാസി മലയാളി ഫെഡറേഷനു കഴിഞ്ഞു എന്നതിന് ഉത്തമ ഉദാഹരണമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന സംഖ്യാതീതമായ അംഗത്വ അപേക്ഷകള്‍. ജന്മം കൊണ്ട് കേരളീയനാണെങ്കില്‍ ഉപജീവനാര്‍ഥമോ, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ വിദേശരാജ്യങ്ങളില്‍ കുടിയേറിയവര്‍ പ്രവാസി മലയാളികള്‍ ആണെന്നുള്ള നിര്‍വചനമാണ് ഇത്രയധികം അംഗങ്ങളെ സംഘടനയിലേക്ക് ആകര്‍ഷിക്കാനുള്ള അടിസ്ഥാന കാരണം.

അന്യരാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നവരുടെ പ്രശ്നങ്ങള്‍ മാത്രമല്ല, ജീവിതത്തിന്റെ നല്ലൊരുഭാഗം വിദേശത്ത് ചെലവഴിക്കുകയും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കുകയും ചെയ്തതിനു ശേഷം കേരളത്തിലേക്ക് തിരിച്ചുവന്ന മലയാളികളുടെ ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്െടത്തുന്നതിന് പ്രവാസി മലയാളി ഫെഡറേഷന്‍ നിരവധി കര്‍മ്മ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. പ്രവാസി മലയാളി ഫെഡറേഷന്‍ വോളണ്ടിയര്‍മാര്‍ ഇവരെ സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കിവരുന്നു.

അമേരിക്കയില്‍ തായ്വേരുറപ്പിച്ച് വിവിധ രാജ്യങ്ങളില്‍ പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അമേരിക്കയില്‍ നിന്നുള്ള ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഇന്ത്യയില്‍ നിന്നുള്ള സെക്രട്ടറി ഷിബി നാരമംഗലത്ത്, ആഗോള കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ്.

വിവരങ്ങള്‍ക്ക്: ജോസ് മാത്യു പനച്ചിക്കല്‍(ഗ്ളോബല്‍ കോര്‍ഡിനേറ്റര്‍) 91 9656012399, 91 9747409309 (ഇന്ത്യ), ഷൌക്കത്ത് പറമ്പില്‍ (കണ്‍വീനര്‍) 91 9446577797 (ഇന്ത്യ), മനോജ് വര്‍ഗീസ്(കണ്‍വീനര്‍) 91 9656792467 (ഇന്ത്യ)

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി