ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സില്‍ സ്റീഫന്‍ ദേവസ്യയുടെയും അഞ്ജു ജോസഫിന്റെയും സംഗീതവിരുന്ന്
Tuesday, July 14, 2015 6:04 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ വാദ്യോപകരണ വിദഗ്ധന്‍ സ്റീഫന്‍ ദേവസിയും ഗായിക അഞ്ജു ജോസഫും പങ്കെടുക്കും.

കോണ്‍ഫറന്‍സിന്റെ ആദ്യദിവസമായ ജൂലൈ 15 നു (ബുധന്‍) ഉദ്ഘാടന സമ്മേളനത്തിനുശേഷമാണ് 'മെലഡി ഫോര്‍ ദി സോള്‍' എന്നു പേരിട്ടിരിക്കുന്ന സംഗീത പരിപാടി നടക്കുന്നത്. കീബോര്‍ഡില്‍ സംഗീതത്തിന്റെ മാന്ത്രികധ്വനി പടര്‍ത്തി സംഗീത ആരാധകരെ ആസ്വാദനത്തിന്റെ സപ്തലോകത്തേക്ക് നയിക്കുന്ന സ്റീഫന്‍ ദേവസിയുടെ സോളിഡ് ഫ്യൂഷന്‍ ബാന്‍ഡ് പോയ വര്‍ഷം അമേരിക്കയില്‍ മികച്ച പരിപാടികളൊരുക്കിയിരുന്നു. ലണ്ടനില്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രായില്‍ പങ്കെടുത്തിട്ടുള്ള ഏക ഇന്ത്യന്‍ പിയാനിസ്റ് ആയ സ്റീഫന്‍ ദേവസിക്കു യമഹ ഇന്‍സ്ട്രുമെന്റ് കമ്പനി ഔദ്യോഗിക കീബോര്‍ഡിസ്റായി അംഗീകരിച്ചുള്ള പദവി നല്‍കിയിട്ടുണ്ട്. അനേക വിശിഷ്ട പദവികള്‍ക്കൊപ്പം മൂന്നു മാര്‍പാപ്പമാരുടെ മുമ്പില്‍ സംഗീത വിസ്മയം ഒരുക്കിയ ആദ്യത്തെ ഇന്ത്യക്കാരന്‍ കൂടിയാണുസ്റീഫന്‍ ദേവസി.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് പി.കെ. ദേവസിയുടെയും സൂസി ദേവസിയുടെയും മകനായി 1981 ഫെബ്രുവരി 23നാണ് ഇദ്ദേഹം ജനിച്ചത്. ലെസ്ളി പീറ്റര്‍ ആണ് സംഗീതത്തില്‍ ഇദ്ദേഹത്തിന്റെ ഗുരു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തൃശൂര്‍ ചേതന മ്യൂസിക് അക്കാഡമിയില്‍ പിയാനോ കോഴ്സിനു ചേര്‍ന്നു. ഇവിടെ നിന്നും ലണ്ടന്‍ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കിന്റെ അംഗീകൃത കോഴ്സില്‍ പിയാനോ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു. ഈ സ്കോര്‍ ഏഷ്യയിലെ തന്നെ റിക്കാര്‍ഡ് ആണ്. പതിനെട്ടാം വയസ്സില്‍ ഗായകന്‍ ഹരിഹരന്റെ ട്രൂപ്പില്‍ അംഗമായി. തുടര്‍ന്ന് എല്‍. സുബ്രഹ്മണ്യം, ശിവമണി, സക്കീര്‍ ഹുസൈന്‍, അംജദ് അലിഖാന്‍, എ.ആര്‍. റഹ്മാന്‍, യു. ശ്രീനിവാസ് തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.

പത്തൊമ്പതാം വയസില്‍ ഗായകന്‍ ഫ്രാങ്കോ, ഗിറ്റാറിസ്റ് സംഗീത് എന്നിവരുമൊത്ത് സെവന്‍ എന്ന മ്യൂസിക് ബാന്‍ഡിനു രൂപം നല്‍കി. ഗോസ്പല്‍ സംഗീത ഗ്രൂപ്പായ റെക്സ്ബാന്‍ഡിലെ കീബോര്‍ഡിസ്റാണ് ഇദ്ദേഹം. ടൊറന്റോയില്‍ ലോക യുവദിനത്തിനോടനുബന്ധിച്ചു നടന്ന കോണ്‍ഫറന്‍സില്‍ ഭാരതത്തെ പ്രതിനിധാനം ചെയ്ത് റെക്സ്ബബാന്‍ഡിനൊപ്പം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മുമ്പില്‍ സംഗീതം അവതരിപ്പിച്ചു.

ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിനു മാത്രമാണ് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മറ്റു നിരവധി ചിത്രങ്ങളുടെ മ്യൂസിക് അറേഞ്ചര്‍ ആയി സ്റീഫന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റൊമാന്‍സ, സേക്രഡ് ചാന്റ്സ് തുടങ്ങി ചില സംഗീത ആല്‍ബങ്ങളും സ്റീഫന്‍ തയാറാക്കിയിട്ടുണ്ട്. സ്റീഫനോടൊപ്പം പ്രമുഖ ഗായിക അഞ്ജു ജോസഫും ഇത്തവണ കോണ്‍ഫറന്‍സ് വേദിയെ സംഗീതധന്യമാക്കാനെത്തുന്നുണ്ട്.

2009ലെ ഐഡിയ സ്റാര്‍ സിംഗര്‍ ഫൈനലിസ്റായ അഞ്ജു ജോസഫ് കൈരളി ചാനലിലെ പി. ഭാസ്കരന്‍ സംഗീതോത്സവം, ജീവന്‍ ടിവിയിലെ മെഗാസ്റാര്‍ എന്നീ പരിപാടികളില്‍ അവാര്‍ഡ് വാങ്ങിയ ശ്രദ്ധേയയായ ഗായികയാണ്. ഇരുപത്തിനാലുകാരിയായ അഞ്ജു ഇംഗ്ളീഷ് സാഹിത്യത്തില്‍ മാസ്റേഴ്സ് ബിരുദം നേടിയിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരി 15-നു വിവാഹിതയായി. ഫ്ളവേഴ്സ് ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റ് എന്ന പ്രോഗ്രാമിന്റെ സംവിധായകന്‍ അനൂപ് ജോണാണു ഭര്‍ത്താവ്. ക്രിസ്ത്യന്‍ ഡിവോഷണല്‍ ആല്‍ബങ്ങളില്‍ പാടിക്കൊണ്ടിരിക്കുന്നു. റിലീസിനു തയാറെടുക്കുന്ന ഓര്‍മകളില്‍ ഒരു മഞ്ഞുകാലം എന്ന സിനിമയില്‍ അടുത്തകാലത്ത് പാടി. കാഞ്ഞിരപ്പള്ളി സ്വദേശിയാണ്. ഇപ്പോള്‍ എറണാകുളത്ത് താമസം.

ഗായകന്‍ ജോളി ഏബ്രഹാമിന്റെ കൂടെ സ്റേജ് ഷോകള്‍ക്ക് അമേരിക്കയിലെത്തിയ അഞ്ജുവിന്റെ സ്വരമാധുരി ഇത്തവണ ഫാമിലി യൂത്ത് കോണ്‍ഫറന്‍സിനെ ധന്യമാക്കും. പ്രശസ്ത തബലിസ്റും ഡ്രമ്മറും ആയ ജോമി ജോര്‍ജും സ്റീഫന്‍ ദേവസിയോടൊപ്പം സ്റേജിലെത്തുന്നുണ്ട്. ഇവന്റ് മാനേജ്മെന്റ് വിദഗ്ധയും കോണ്‍ഫറന്‍സിലെ വിഷ്വല്‍ മീഡിയായുടെ ചുമതലയുമുള്ള ആനി ലിബുവാണ് സംഗീതപരിപാടി കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നത്.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍