മിസ് ഒക്ലഹോമ ഒലിവിയ ജോര്‍ദാന് 2015 മിസ് യുഎസ്എ കിരീടം
Tuesday, July 14, 2015 6:05 AM IST
ലൂസിയാന: ജൂലൈ 12നു ലൂസിയാന സിറ്റിയില്‍ നടന്ന മിസ് യുഎസ്എ 2015 മത്സരത്തില്‍ മിസ് ഒക്ലഹോമയായി തെരഞ്ഞെടുത്തിരിക്കുന്ന ഒലിവിയ ജോര്‍ദാന്‍ സൌന്ദര്യറാണിയായി തെരഞ്ഞെടുക്കപ്പെട്ടു.

അമ്പത് മത്സരാര്‍ഥികളാണ് മിസ് യുഎസ്എ 2015 മത്സരത്തില്‍ അണിനിരന്നത്. ഫൈനല്‍ റൌണ്ടില്‍ നടന്ന ചോദ്യോത്തര സെഷനില്‍ വംശീയ സൌഹൃദം പുനസ്ഥാപിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും രാജ്യം മുന്‍ഗണന നല്‍കണമെന്ന ഉത്തരമാണ് മിസ് യുഎസ്എ ആയി ഒലിവിയായെ തെരഞ്ഞെടുക്കുന്നതിനു ജഡ്ജിംഗ് പാനലിനെ പ്രേരിപ്പിച്ചത്.

ടെക്സസില്‍നിന്നുളള 22 കാരിയായ ലിയാന ഗുറേര റണ്ണര്‍ അപ്പായി. അനിയ ഗാര്‍സിയ (റോസ് ഐലന്റ്), ബ്രിട്ടണി മൈക്ക് ഗൌണ്‍ (നെവേഡ), മെയിം അഡ്ജി (മേരിലാന്റ്) തുടങ്ങിയവര്‍ ആദ്യ അഞ്ചു സ്ഥാനങ്ങള്‍ പങ്കിട്ടു.

2014 മിസ് യുഎസ്എ നിയ സാഞ്ചസ് പുതിയ മിസ് യുഎസ്എയെ വിജയ കിരീടമണിയിച്ചു. 17 മുതല്‍ 24 വയസ് വരെയുളളവര്‍ക്കാണ് മിസ് യുഎസ് മത്സരത്തില്‍ പങ്കെടുക്കുവാനുളള അര്‍ഹത. മിസ് യുഎസ്എയായി തെരഞ്ഞെടുക്കപ്പെട്ട ഒലിവിയ മിസ് യൂണിവേഴ്സ് മത്സരത്തില്‍ അമേരിക്കയെ പ്രതിനിധീകരിക്കും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍