ഹൈസ്കൂള്‍ റാങ്ക് ജേതാക്കളെ ഡാളസ് പിഎംഎഫ് ആദരിക്കുന്നു
Tuesday, July 14, 2015 6:22 AM IST
ഗാര്‍ലന്റ്: ഗാര്‍ലന്റ്, മസ്ക്കിറ്റ്, സണ്ണി വെയ്ല്‍ തുടങ്ങിയ സ്വതന്ത്ര വിദ്യാഭ്യാസ ജില്ലകളില്‍ നിന്നും ഉയര്‍ന്ന നിലയില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മലയാളി വിദ്യാര്‍ഥികളെ പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) ഡിഎഫ്ഡബ്യു യൂണിറ്റ് ജൂലൈ 26നു (ഞായര്‍) പ്രത്യേക അവാര്‍ഡുകള്‍ നല്‍കി ആദരിക്കും.

ജൂലൈ 11നു (ശനി) വൈകുന്നേരം ഗാര്‍ലന്റ് കിയ റസ്ററന്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രവര്‍ത്തനയോഗമാണ് തീരുമാനമെടുത്തത്. പ്രസിഡന്റ് തോമസ് രാജന്‍ അധ്യക്ഷത വഹിച്ചു. പിഎംഎഫ് സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ഓഗസ്റ് അഞ്ച്, ആറ്, ഏഴ് തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാമത് ആഗോള സമ്മേളനത്തിന്റെ പുരോഗതിയെക്കുറിച്ചും പിഎംഎഫ് ഗ്ളോബല്‍ ട്രഷറര്‍ പി.പി. ചെറിയാന്‍ വിശദീകരിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചകളില്‍ അംഗങ്ങള്‍ സജീവമായി പങ്കെടുത്തു. സെക്രട്ടറി സിജു ജോര്‍ജ് സ്വാഗതവും ഏബ്രഹാം മേപ്പുറത്ത് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി