ന്യൂയോര്‍ക്കില്‍ 'ജയറാം ഷോ 2015' ന്റെ ഉദ്ഘാടനവും കിക്ക്ഓഫും നടന്നു
Wednesday, July 15, 2015 6:31 AM IST
ന്യൂയോര്‍ക്ക്: അപരത്വമില്ലാത്ത അഭിനയക്കാഴ്ചകള്‍ മലയാളത്തിനു സമ്മാനിച്ച മഹാനടന്‍ ജയറാമിനും സംഘത്തിനും സ്വാഗതമോതി അമേരിക്കന്‍ മലയാളികള്‍. യുണൈറ്റഡ് മീഡിയ എന്റര്‍ടെയ്ന്‍മെന്റിന്റെ (യുജിഎം) ബാനറില്‍ ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റിന്റെ സഹകരണത്തോടെ സെപ്റ്റംബറില്‍ അരങ്ങേറുന്ന 'ജയറാം ഷോ 2015' ന്റെ ഉദ്ഘാടനവും കിക്ക്ഓഫും ന്യൂയോര്‍ക്കില്‍ നടന്നു.

ക്വീന്‍സിലുളള കോള്‍ഡന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 12നു (ശനി) ന്യൂജേഴ്സിയിലെ ഫെലിഷ്യന്‍ കോളജില്‍ സെപ്റ്റംബര്‍ 13നു (ഞായര്‍) നടക്കുന്ന ഷോയ്ക്കു ഭാവുകങ്ങള്‍ നേരാന്‍ കൊട്ടിലിയന്‍ റസ്ററന്റിലാണു കലാസ്നേഹികള്‍ ഒത്തുചേര്‍ന്നത്.

ന്യൂയോര്‍ക്ക് ആസ്ഥാനമായ ഹെഡ്ജ് ഇവന്റ്സാണു ഷോകള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്. ന്യൂയോര്‍ക്കിലെ നായര്‍ ബനവലന്റ് അസോസിയേഷന്‍, സെന്റ് ജോണ്‍സ് മാര്‍ത്തോമ ചര്‍ച്ച്, ലോംഗ് ഐലന്‍ഡ് വൈസ്മെന്‍ എന്നിവ ന്യൂയോര്‍ക്ക് ഷോയുമായി സഹകരിക്കുന്നു. ന്യൂജേഴ്സി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ചര്‍ച്ച്, ഐഇഎന്‍എ എന്നിവയാണു ഫെലിഷ്യന്‍ കോളജിലെ ഷോയ്ക്കു സഹകരണം നല്‍കുന്നത്.

നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ഷോയില്‍ ജയറാമിനൊപ്പം പ്രിയാമണി, രമേഷ് പിഷാരടി, ധര്‍മജന്‍, ഗായകനായ ഉണ്ണി മേനോന്‍, ആര്യ എന്നിവരടക്കം താരങ്ങളുടെയും കലാപ്രതിഭകളുടെ വന്‍നിര തന്നെയുണ്ട്.

ഷോയ്ക്ക് വിജയം ആശംസിക്കാനെത്തിയവരെ ഹെഡ്ജ് ഇവന്റ്സ് സാരഥി ജേക്കബ് ഏബ്രഹാം (സജി ന്യൂയോര്‍ക്ക്) സ്വീകരിച്ചു. ഷോ ബിസിനസ് രംഗത്തേക്ക് ഒരിടവേളക്കുശേഷമാണ് താന്‍ എത്തുന്നതെന്ന് സജി വിശദീകരിച്ചു. കലയോടുളള അഭിനിവേശവും കലാസ്നേഹികളുടെ സഹകരണവും കൊണ്ടാണ് വീണ്ടും ഈ രംഗത്ത് എത്തിയത്. ഹെഡ്ജ് ബ്രോക്കറേജ് എന്ന സ്ഥാപനത്തിന്റെ സാരഥിയെന്ന നിലയില്‍ ഇന്‍ഷ്വറന്‍സ്, ഇന്‍വെസ്റ്റ് ബാങ്കിംഗ് രംഗത്ത് താന്‍ പ്രവര്‍ത്തിക്കുന്നുണ്െടങ്കിലും ഷോ ബിസിനസ് ലാഭനഷ്ട കണക്കിലല്ല ഞാന്‍ കാണുന്നത്. മറിച്ച് അതൊരു അഭിനിവേശമാണ്. മുന്‍കാലങ്ങളില്‍ ഒപ്പം നിന്നവര്‍ ഇപ്പോഴും ഒപ്പമുണ്െടന്ന് സജി അനുസ്മരിച്ചു. ഓരോരുത്തരുമായി പുലര്‍ത്തുന്ന വ്യക്തിബന്ധമാണ് ഈ സഹകരണത്തിന്റെ അടിത്തറ.

സ്വാഗതമാശംസിച്ച മെഗാ സ്പോണ്‍സര്‍ ഡോ. ജോസ് കാനാട്ട്, സജി നിലനിര്‍ത്തുന്ന സൌഹൃദങ്ങളെ പരാമര്‍ശിച്ചു. ബിസിനസ് വിജയം നേടുന്നതിനൊപ്പം തന്നെ സൌഹൃദത്തിന്റെ റവന്യൂ ആവോളം അദ്ദേഹം കരസ്ഥമാക്കുന്നുണ്െടന്ന് ഡോ. ജോസ് കാനാട്ട് പറഞ്ഞു. ഏറ്റെടുക്കുന്ന പദ്ധതികള്‍ വിജയത്തിലെത്തിക്കാന്‍ സൌഹൃദം അദ്ദേഹത്തിന്റെ മുതല്‍ക്കൂട്ടാവുന്നു.

അക്ഷ ഏബ്രഹാം എംസിയായിരുന്ന ചടങ്ങില്‍ സുജിത് മൂലയില്‍ പ്രാര്‍ഥനാ ഗാനം ആലപിച്ചു. ബാബു വര്‍ഗീസ്, ഡോ. ഗോപിനാഥന്‍ നായര്‍, രാജു സഖറിയ, ഇന്ത്യ പ്രസ് ക്ളബ്ബ് നാഷണല്‍ പ്രസിഡന്റ് ടാജ് മാത്യു, ജോസ് തെക്കേടം, നാസ കൌണ്ടി ഹ്യൂമന്‍ റൈറ്റ്സ് കമ്മിഷണര്‍ ജോര്‍ജ് തോമസ്, അനിയന്‍ മൂലയില്‍, വിനോദ് കെയാര്‍കെ, കുന്നപ്പളളില്‍ രാജഗോപാല്‍ തുടങ്ങി ഒട്ടനവധി പേര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. അതിഥികള്‍ക്ക് ടിക്കറ്റ് നല്‍കി വിതരണോദ്ഘാടനവും നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍