ഓക്ലാന്‍ഡില്‍ വിശ്വാസ പരിശീലന ക്യാമ്പും അല്‍ഫോന്‍സാമ്മയുടെ തിരുനാളും
Friday, July 17, 2015 5:23 AM IST
ഓക് ലാന്‍ഡ്: സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായി ശിശിരകാല വിശ്വാസ പരിശീലന ക്യാമ്പ് വിശ്വാസ ജീവിതത്തില്‍ ഒരു പുത്തനുണര്‍വു നല്‍കിയതായി പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ജൂലൈ ആറ്, ഏഴ്, എട്ട് തീയതികളില്‍ എല്ലസ് ലി കാത്തലിക് പള്ളിയില്‍ തുടര്‍ച്ചയായ എട്ടാം വര്‍ഷവും നടന്ന ക്യാമ്പില്‍ നൂറ്റമ്പതോളം കുട്ടികള്‍ പങ്കെടുത്തു. പരിശുദ്ധത്മാവ് നവീകരിക്കുന്നു എന്ന മുഖ്യ വിഷയത്തെ ആസ്പദമാക്കി നടന്ന ക്യാമ്പിന് പ്രസിദ്ധ ധ്യാന ഗുരു ഫാ. മനോജ് കുന്നത്ത് സിഎസ്എസ്ആര്‍, ഫാ. ജോബിന്‍ വന്യംപറമ്പില്‍, ഗാനരചയിതാവ് ജോഷി തോട്ടക്കര എന്നിവര്‍ നേതൃത്വം നല്‍കി.

വിവിധ മത്സരങ്ങളും ആക്ഷന്‍ സോംഗുകളും മറ്റു പരിപാടികളും കൊണ്ട് ക്യാമ്പ് മികച്ചതായിരുന്നുവെന്ന് കുട്ടികള്‍ അഭിപ്രായപ്പെട്ടു. നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ഓരോ ഗ്രൂപ്പില്‍നിന്നും മൂന്നു പേര്‍ വീതം മികച്ച ക്യാമ്പ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.

മിഷന്‍ ചാപ്ളെയിന്‍ ഫാ. ജോയി തോട്ടങ്കര, സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവര്‍ ക്യാമ്പിന്റെ ഭൌതിക സാഹചര്യങ്ങള്‍ ഒരുക്കി. നാലു ദിവസവും നടന്ന ദിവ്യകാരുണ്യ ആരാധന ക്യാമ്പിന്റെ പ്രത്യേകതയായിരുന്നു.

സണ്‍ഡേ സ്കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ജൂലൈ 19നു (ഞായര്‍) ഉച്ചകഴിഞ്ഞ് 3.30നു നടക്കും. 26നു (ഞായര്‍) വൈകുന്നേരം 4.30ന് അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ആഘോഷമായ പാട്ടുകുര്‍ബാനയും പ്രദക്ഷിണവും ലദീഞ്ഞും സ്നേഹവിരുന്നും നടക്കും. പുറപ്പാട് എന്ന പുസ്തകത്തെ ആസ്പദമാക്കി സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കുള്ള ബൈബിള്‍ ക്വിസ് ഫൈനല്‍ റൌണ്ട് ഓഗസ്റ് ഒമ്പതിന് (ഞായര്‍) ഉച്ചകഴിഞ്ഞ് 3.30ന് നടക്കും.

റിപ്പോര്‍ട്ട്: റെജി ചാക്കോ ആനിത്തോട്ടത്തില്‍