ന്യൂയോര്‍ക്കില്‍ ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍
Tuesday, July 21, 2015 5:07 AM IST
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ബ്രൂക്ക് ലിന്‍, ക്യൂന്‍സ്, ലോംഗ് അയലന്‍ഡ് എന്നിവിടങ്ങളിലെ പത്ത് ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ 2015ലെ അവധിക്കാല ബൈബിള്‍ ക്ളാസുകളായ ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ (ഒവിബിഎസ്) ജൂലൈ 9,10 11 തീയതികളില്‍ ഫ്ളോറല്‍പാര്‍ക്ക് ചെറിലൈന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്നു. 'ഉയരത്തിലുള്ളത് അന്വേഷിപ്പിന്‍'(കൊലോസ്യര്‍ 3 :1) എന്നതായിരുന്നു ചിന്താവിഷയം.

വിവിധ ഇടവകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട 12 അംഗ ഗായക സംഘം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗാനപരിശീലനത്തിന് നേതൃത്വം നല്‍കി. പ്രാരംഭ സമ്മേളനം റവ. പി.എസ് സാമുവേല്‍ കോര്‍ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. വിവിധ ഇടവകളില്‍നിന്ന് 240 വിദ്യാര്‍ഥികളും 60 അധ്യാപകരും മൂന്ന് ദിവസങ്ങളിലായി നടന്ന ഒവിബിഎസില്‍ പങ്കെടുത്തു

സണ്േടസ്കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ കേരളത്തിലെ നിര്‍ധനയായ വിദ്യാര്‍ത്ഥിയെ സഹായിക്കുവാനായി സമാഹരിച്ച ചാരിറ്റി ഫണ്ട് റവ. പി.എസ്. പൌെലോസ് ആദായി കോര്‍ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ഫാ. ജോയ്സ് പാപ്പന്‍, ഫാ.അജു മാത്യു, ഫാ.ഗ്രിഗറി വര്‍ഗീസ്, മിസിസ് ആലീസ് ഈപ്പന്‍ എന്നിവര്‍ ഒവിബിഎസിനു നേതൃത്വം നല്‍കി. ഒവിബിഎസ് വിദ്യാര്‍ത്ഥികളുടെ വര്‍ണശബളമായ റാലിയോടുകൂടി ആരംഭിച്ച സമാപന ചടങ്ങില്‍ വിവിധങ്ങളായ കലാപരിപാടികള്‍ അരങ്ങേറി.