ഇന്ത്യന്‍ എന്‍ജിനിയറുടെ ലൈഫ് സപ്പോര്‍ട്ട് നീക്കം ചെയ്യണമെന്നു കോടതി
Wednesday, July 22, 2015 6:07 AM IST
സാന്റാ ക്ളേര (കാലിഫോര്‍ണിയ): മസ്തിഷ്ക മരണം സംഭവിച്ചുവെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഇന്ത്യന്‍ വംശജനായ എന്‍ജിനിയര്‍ ആശിഷ് ത്യാഗി (35) യുടെ ലൈഫ് സപ്പോര്‍ട്ട് വെന്റിലേറ്റര്‍ നീക്കം ചെയ്യാന്‍ സാന്റാ ക്ളേര കൌണ്ടി സുപ്പീരിയര്‍ കോടതി ഉത്തരവിട്ടു.

ജൂലൈ മൂന്നിനു നാലു വയസുകാരനായ മകനുമൊത്ത് അപ്പാര്‍ട്ട്മെന്റിലെ നീന്തല്‍ക്കുളത്തില്‍ കുളിക്കുന്നതിനിടയിലാണ് ത്യാഗി വെളളത്തില്‍ മുങ്ങിയത്. ത്യാഗിയുടെ ഭാര്യ സരിക ഓടിയെത്തിയപ്പോഴേയ്ക്കും പാരാമെഡിക്്സ് എത്തി ത്യാഗിയെ നീന്തല്‍ കുളത്തില്‍നിന്നു പുറത്തെടുത്തിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തി സിപിആര്‍ നല്‍കിയെങ്കിലും മസ്തിഷ്കമരണം സംഭവിച്ചിരുന്നു. നീന്തുന്നതിനിടെ ഉണ്ടായ ഹൃദ്രോഗമാണു മരണകാരണം. ഇന്ത്യയില്‍നിന്നു കുടുംബാംഗങ്ങള്‍ എത്തിച്ചേരുന്നതുവരെ ലൈഫ് സപ്പോര്‍ട്ട് നല്‍കുന്നതിനുള്ള ഭാര്യയുടെ അഭ്യര്‍ഥന ഡോക്ടര്‍മാര്‍ അംഗീകരിച്ചു.

എന്നാല്‍, ലൈഫ് സപ്പോര്‍ട്ട് തുടരണമെന്ന ഭാര്യയുടെ ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു.

ഇന്ത്യയില്‍ നിന്നും ത്യാഗിയുടെ പ്രായമായ മാതാപിതാക്കള്‍ക്ക് ഇവിടെയത്തി മകനെ ജീവനോടെ കാണാന്‍ കഴിയുമെന്ന ആഗ്രഹം വെന്റിലേറ്ററില്‍നിന്നു നീക്കം ചെയ്തതോടെ വിഫലമായി.

ത്യാഗിയുടെ കൂടെ എത്തിയ ഭാര്യ സരികയുടെ ഒ1ആ വീസ, പെര്‍മനന്റ് വീസയാക്കി മാറുന്നതിനും ത്യാഗിയുടെ കുടുംബത്തെ സഹായിക്കുന്നതിനും ഫണ്ട് രൂപീകരിക്കുന്നതിനുമുളള ശ്രമത്തിലാണു ത്യാഗിയുടെ അറ്റോര്‍ണി മഹേഷ് ബജോറി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍