സോഷ്യല്‍ സെക്യൂരിറ്റി ബോധവത്കരണ വാരം: സമാപനം ജൂലൈ 25ന്
Wednesday, July 22, 2015 6:07 AM IST
വാഷിംഗ്ടണ്‍ ഡിസി: സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങളെക്കുറിച്ച് പൊതു ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിന് ജൂലൈ 19 മുതല്‍ 25 വരെ 'മൈ സോഷ്യല്‍ സെക്യൂരിറ്റി വീക്ക്' ആചരിക്കുന്നതിനു സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍ നടപടികള്‍ സ്വീകരിച്ചു.

വിവിധ കാലയളവില്‍ റിട്ടയര്‍ ചെയ്യുന്നവര്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍, തൊഴില്‍ ചെയ്ത കാലയളവില്‍ ലഭിച്ച ശമ്പളം തുടങ്ങിയ വിവരങ്ങള്‍ സോഷ്യല്‍ സെക്യൂരിറ്റി വെബ് സൈറ്റില്‍നിന്നു ലഭിക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

സോഷ്യല്‍ സെക്യൂരിറ്റി, മെഡികെയര്‍ എന്നിവ ലഭിക്കുന്നവരുടേയും അക്കൌണ്ട്സ് ഓണ്‍ലൈനില്‍ ലഭ്യമായിരിക്കും. വളരെ സുരക്ഷിതമായി പേഴ്സണല്‍ വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുന്ന ഓണ്‍ലൈന്‍ സൌകര്യങ്ങളെക്കുറിച്ച് മറ്റുളളവരെ പറഞ്ഞു മനസിലാക്കുന്നതിനാണ് ഈ വാരം വേര്‍തിരിച്ചിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. ഒരിക്കല്‍ സോഷ്യല്‍ സെക്യൂരിറ്റി വെബ്സൈറ്റില്‍ രജിസ്റര്‍ ചെയ്താല്‍ ഭാവിയില്‍ ലഭിക്കുന്ന റിട്ടയര്‍മെന്റിനെ കുറിച്ച് തല്‍സമയ വിവരങ്ങള്‍ ലഭിക്കും.

തൊഴില്‍ സ്ഥാപനങ്ങളേയോ, തപാലിനെയോ ആശ്രയിക്കാതെ എല്ലാ വിവരങ്ങളും ലഭിക്കുന്ന സോഷ്യല്‍ സെക്യൂരിറ്റി വെബ് സൈറ്റില്‍ രജിസ്റര്‍ ചെയ്യിപ്പിക്കുന്നതിനു പൊതുവെ ജനങ്ങളെ ബോധവത്കരിക്കാന്‍ താത്പര്യമെടുക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍