മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ ഗ്രാന്‍ഡ് പേരന്റ്സ് ദിനാഘോഷം ജൂലൈ 26ന്
Wednesday, July 22, 2015 7:55 AM IST
മെല്‍ബണ്‍: പരിശുദ്ധ കന്യാകമറിയത്തിന്റെ മാതാപിതാക്കളായ വിശുദ്ധ ജോവാക്കിമിന്റെയും വിശുദ്ധ അന്നായുടെയും തിരുനാള്‍ ദിനമായ ജൂലൈ 26നു (ഞായര്‍) ഗ്രാന്‍ഡ് പേരന്റ്സ് ദിനമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ആഘോഷിക്കുന്നു.

ഗ്രാന്‍ഡ് പേരന്റ്സിനെ ഓര്‍ക്കുവാനും അവര്‍ക്ക് നന്ദി പറയുവാനുമുള്ള ഒരു ദിനമായി ഈ ദിവസം ആഘോഷിക്കുവാന്‍ മാര്‍ ബോസ്കോ പുത്തൂര്‍ രൂപതയിലെ കുട്ടികള്‍ക്കായി എഴുതിയ കത്തിലൂടെ ആഹ്വാനം ചെയ്തു. അന്നേ ദിവസം നാട്ടിലുള്ള തങ്ങളുടെ ഗ്രാന്‍ഡ് പേരന്റ്സിന് ആശംസ കാര്‍ഡുകള്‍ അയയ്ക്കുവാനും അവരോട് സംസാരിക്കുവാനും കുട്ടികള്‍ തയാറാവണമെന്ന് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു. അന്നേദിവസം രൂപതയിലെ എല്ലാ ദേവാലയങ്ങളിലും വിശുദ്ധ കുര്‍ബാനയില്‍ ഗ്രാന്‍ഡ് പേരന്റ്സിനുവേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുവാനും ഓസ്ട്രേലിയയില്‍ കുടുംബങ്ങളോടൊപ്പം ആയിരിക്കുന്ന ഗ്രാന്‍ഡ് പേരന്റ്സിനെ പ്രത്യേകം ആദരിക്കുവാനും മാര്‍ പുത്തൂര്‍ നിര്‍ദ്ദേശിച്ചു.

മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ കമ്യൂണിറ്റിയുടെ ആഘോഷങ്ങള്‍ റോക്സ്ബര്‍ഗ് പാര്‍ക്ക് ഗുഡ് സമരിറ്റന്‍ ദേവാലയത്തില്‍ നടക്കും. വിശുദ്ധ കുര്‍ബാനക്ക് മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു ഗ്രാന്‍ഡ് പേരന്റ്സിനുവേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തുകയും കത്തീഡ്രല്‍ കമ്യൂണിറ്റിയിലെ ഗ്രാന്‍ഡ് പേരന്റ്സിനു ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്യും.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍