അമേരിക്കന്‍ മലയാളി ബിസിനസുകാര്‍ കേരളത്തിലേക്ക്
Saturday, July 25, 2015 3:26 AM IST
ന്യൂജേഴ്സി: കേരളത്തിലെ വ്യാവസായിക പ്രമുഖരെ അമേരിക്കയിലേക്ക് ക്ഷണിക്കുന്നതിനായി കേരളാ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ അംഗങ്ങള്‍ കേരളത്തിലേക്ക് യാത്രതിരിച്ചു. കെസിസിഎന്‍എയുടെ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്‍, ചെയര്‍മാന്‍ ദിലീപ് വര്‍ഗീസ്, സെക്രട്ടറി ഡോ. ഗോപിനാഥന്‍ നായര്‍, ട്രഷറര്‍ അലക്സ് ജോണ്‍, അംഗങ്ങളായ അനിയന്‍ ജോര്‍ജ്, രാജ് ദാനിയേല്‍, അറ്റോര്‍ണി തോമസ് അലന്‍, ജിബി തോമസ്, മധു രാജന്‍, ജോണ്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ മുപ്പോതോളം ബിസിനസുകാരാണ് കേരളത്തിലേക്ക് പുറപ്പെട്ടിരിക്കുന്നത്.

ഇത്ര വിപുലമായി കേരളത്തില്‍ ഇതാദ്യമായാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.പ്രമുഖ വ്യവസായ ഗ്രൂപ്പായ ഒലീവിന്റെ കൊച്ചി കടവന്ത്രയിലെ ഡൌണ്‍ ടൌണ്‍ ഹോട്ടല്‍ ആതിഥേയത്വം വഹിക്കുന്ന ഈ ഇന്റര്‍നാഷണല്‍ ബിസിനനസ് മീറ്റ് ഓഗസ്റ് അഞ്ചിനു ബുധനാഴ്ച വൈകുന്നേരം 4.30-നു ആരംഭിക്കുന്നു.

അമേരിക്കയിലെ ബിസിനസ് നിക്ഷേപ സാധ്യതകള്‍, വ്യാവസായിക സംരംഭങ്ങള്‍, ബിസിനസുകാര്‍ക്ക് ഗ്രീന്‍കാര്‍ഡ് ലഭിക്കുവാനുള്ള മാര്‍ക്ഷങ്ങള്‍, അമേരിക്കയില്‍ ശാഖകള്‍ തുടങ്ങിയാലുള്ള ഗുണങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രഗത്ഭര്‍ നയിക്കുന്ന വര്‍ക്ക്ഷോപ്പുകള്‍ ഉണ്ടായിരിക്കുന്നതാണ്. ജോയി അലൂക്കാസ്, എം.എ യൂസഫലി, ബീന കണ്ണന്‍ തുടങ്ങി കേരളത്തിലെ ഒരുപിടി മുന്‍നിര വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന ഈ മീറ്റ് രാത്രിയിലെ സോഷ്യല്‍ അവറിനോടൊപ്പം നടക്കുന്ന ഡിന്നറോടെ സമാപിക്കും.

കെസിസിഎന്‍എയുടെ അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സെക്രട്ടറി ഡോ. ഗോപിനാഥന്‍ നായര്‍ (732 915 8813), യു.എസ് കോര്‍ഡിനേറ്റര്‍ അനിയന്‍ ജോര്‍ജ് (908 337 1289), ഇന്ത്യ കോര്‍ഡിനേറ്റര്‍ ജെ. ദാമോദരന്‍ (91 98460 23440) എന്നിവരുടെ പക്കല്‍ മുന്‍കൂട്ടി പേരുകള്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്. ജോ പേരാവൂര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം