ജോയി കുറ്റിയാനി ഫോമ കണ്‍വന്‍ഷന്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍
Tuesday, July 28, 2015 7:27 AM IST
മയാമി: പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനാ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസിന്റെ (ഫോമ) 2016 ജൂലൈ ആറ്, ഏഴ്, എട്ട് തീയതികളില്‍ മയാമിയിലെ ഡീയുവില്ലേ ബീച്ച് റിസോര്‍ട്ടില്‍ നടക്കുന്ന കണ്‍വന്‍ഷനു ചുക്കാന്‍ പിടിക്കാന്‍ കണ്‍വന്‍ഷന്റെ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായി ജോയി കുറ്റിയാനിയെ ഫോമ കമ്മിറ്റി തെരഞ്ഞെടുത്തു.

ദേശീയ തലത്തില്‍ ശ്രദ്ധേയമായ നിരവധി പദ്ധതികളും പരിപാടികളും വിജയകരമാക്കി ഇദ്ദേഹം കേരള സമാജം ഓഫ് സൌത്ത് ഫ്ളോറിഡയുടെ മുന്‍ പ്രസിഡന്റും ദേശീയ, പ്രാദേശിക സംഘടനകളില്‍ നിസ്വാര്‍ഥ സേവനം ചെയ്ത കഴിവുറ്റ സംഘാടകനും തികഞ്ഞ ഓര്‍ഗനൈസറുമാണെന്നു തെളിഞ്ഞിട്ടുണ്ട്.

2012ല്‍ കേരള സമാജം ഓഫ് സൌത്ത് ഫ്ളോറിഡയുടെ പ്രസിഡന്റായിരുന്നപ്പോള്‍ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍-അമേരിക്കന്‍ കമ്യൂണിറ്റിയെ ഒരുമിച്ചു ചേര്‍ത്ത് ഡേവി നഗരസഭയുടെ ഫാല്‍ക്കണ്‍ലിയ പാര്‍ക്കില്‍ അമേരിക്കയിലെ ഏറ്റവും വലിയ ഗാന്ധിസ്ക്വയര്‍ നിര്‍മാണത്തിനു നേതൃത്വം നല്‍കുകയും അന്തരിച്ച ഇന്ത്യയുടെ മുന്‍ പ്രസിഡന്റായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഉദ്ഘാടനം നിര്‍വഹിച്ച് രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

കേരള സമാജം ഓഫ് സൌത്ത് ഫ്ളോറിഡയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയില്‍ കടമക്കുടി ഗ്രാമപഞ്ചായത്തില്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ ജനറോം പദ്ധതിയുമായി സഹകരിച്ച് 75 കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്‍കിയ പദ്ധതിയുടെ ചീഫ് കോ-ഓര്‍ഡിനേറ്ററായും ഷിക്കാഗോ സീറോ മലബാര്‍ രൂപത അല്മായ സംഘടനയായ എസ്എംസിസി ആഭിമുഖ്യത്തില്‍ കേരളത്തിലെ നിര്‍ധനരായ ആയിരം പേര്‍ക്ക് തിമിരരോഗ ശസ്ത്രക്രിയ നടത്തുന്നതിനുള്ള കണ്ണും കണ്ണാടിയും എന്ന പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.കൂടാതെ സീറോ മലബാര്‍ കാത്തലിക് രൂപത കണ്‍വന്‍ഷന്റെ നടത്തിപ്പിനും നേതൃത്വം നല്‍കിയിട്ടുണ്ട്.

ഫ്ളോറിഡ സെന്റ് തോമസ് യൂണിവേഴ്സിറ്റഇയില്‍നിന്നും നിയമത്തിലും അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയില്‍നിന്ന് ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും മാസ്റേഴ്സ് ബിരുദം നേടിയ കുറ്റിയാനി ബ്രോവാര്‍ഡ് കൌണ്ടി ജുഡീഷല്‍ സിസ്റത്തിന്റെ ഭാഗമായ ബ്രോവാര്‍ഡ് കൌണ്ടി ക്ളാര്‍ക്ക് ഓഫ് കോര്‍ട്ടിന്റെ ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ടുമെന്റില്‍ എപ്ളോയി ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്ററായി സേവനം ചെയ്യുന്നു.

കുറ്റിയാനിയുടെ പുതിയ സ്ഥാനലബ്ധി ഫോമ കണ്‍വന്‍ഷന് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് പ്രസിഡന്റ് ആനന്ദന്‍ നിരവേലി, സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍ ജോയി ആന്റണി, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യു വര്‍ഗീസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്