ദി അദര്‍ സൈഡ് പ്രദര്‍ശിപ്പിച്ചു
Tuesday, July 28, 2015 8:11 AM IST
അബുദാബി: യൂണിലുമിനയുടെ ബാനറില്‍ വിയറ്റ്നാം പ്രധാന ലൊക്കേഷനായി ചിത്രീകരിച്ച മലയാളത്തിലെ ആദ്യ ഹ്രസ്വ ചിത്രമായ ദി അദര്‍ സൈഡിന്റെ പ്രഥമ പ്രദര്‍ശനം അബുദാബി സ്റെപ്സ് ആന്‍ഡ് സ്ട്രിംഗ്സ് ഹാളില്‍ നടന്നു.

പ്രദര്‍ശനത്തോടനുബന്ധിച്ചു നടന്ന ഉദ്ഘാടന ചടങ്ങില്‍ പ്രമുഖ മാധ്യമ, സാംസ്കാരിക പ്രവര്‍ത്തകരായ ജോണി തോമസ്, പി.എം. അബ്ദുള്‍ റഹ്മാന്‍, ഹഫ്സല്‍ അഹമ്മദ്, ഇടവ സൈഫ് ഉള്‍പ്പെടെയുള്ള അതിഥികളുടെ സാന്നിധ്യത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സിനിമാതാരവുമായ കെ.കെ. മൊയ്തീന്‍ കോയ നിര്‍വഹിച്ചു.

പ്രദര്‍ശനത്തിനുശേഷം 22 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തെക്കുറിച്ചു പ്രേക്ഷകര്‍, സംവിധായകന്‍ നാസിം മുഹമ്മദുമായി അഭിപ്രായങ്ങള്‍ പങ്കുവച്ചു. ചടങ്ങില്‍ നിര്‍മാതാവ് ഡെല്‍ഫിന്‍ ജോര്‍ജ്, അഭിനേതാക്കളായ പ്രീത ജേക്കബ്, അപര്‍ണ വിനോദ്, അനുഗ്രഹ ശ്രീഹരി, അഞ്ജന വൈശാഖ്, അനീഷ് ഭാസി, കാമറമാന്‍ വെങ്കടേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

യുഎഇ എക്സ്ചേഞ്ച് പ്രധാന പ്രായോജകരായിട്ടുള്ള ദി അദര്‍ സൈഡിന്റെ സംപ്രേക്ഷണം പ്രമുഖ ചാനല്‍ വഴിയും തുടര്‍ന്നു യുട്യൂബ് വഴിയും ഉടനുണ്ടാകും.