ഡോ. അബ്ദുള്‍ കലാമിനു ഫിഫ്റ്റി പ്ളസ് ഫ്രാങ്ക്ഫര്‍ട്ടിന്റെ ആദരാഞ്ജലി
Wednesday, July 29, 2015 5:40 AM IST
ഫ്രാങ്ക്ഫര്‍ട്ട്: 2002 മുതല്‍ 2007 വരെ ഇന്ത്യയുടെ പ്രസിഡന്റ് പദം അലങ്കരിച്ച് ജനഹൃദയങ്ങളില്‍ കുടിയിരുന്ന പ്രശസ്ത ജനനേതാവും ശാസ്ത്രജ്ഞനും ചിന്തകനും എളിമയുടെ പ്രതീകവുമായ ഡോ. അബ്ദുള്‍ കലാമിന്റെ ദേഹവിയോഗത്തില്‍ ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ളസ് കുടുബാംഗങ്ങള്‍ ഒത്തുകൂടി അനുശോചിച്ചു. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന ഡോ. കലാമിനു ഭാരതരത്നം, പത്മഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. 

വിദ്യാര്‍ഥികള്‍ക്കും രാജ്യത്തിനാകെയും ദീര്‍ഘവീക്ഷണത്തോടെ നന്മയുള്ള ദര്‍ശനങ്ങള്‍ നല്‍കിയ മഹത്വ്യക്തിയായിരുന്നു ഡോ. എ.പി.ജെ. അബ്ദുള്‍ കലാമെന്ന് ഫിഫ്റ്റി പ്ളസ് അനുസ്മരിച്ചു. രാഷ്ട്രപതിസ്ഥാനത്തുനിന്നു വിരമിച്ച ശേഷവും തന്റെ അനുപമായ വിജ്ഞാനസമ്പത്ത് രാജ്യത്തെ ചിന്തിക്കുന്ന സമൂഹത്തിനും പുതുതലമുറയ്ക്കും പങ്കുവച്ചു നല്‍കുന്നതിലാണ് അദ്ദേഹം വ്യാപൃതനായിരുന്നത്. ഡോ. കലാമിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി ഫിഫ്റ്റി പ്ളസ് പ്രത്യേകം പ്രാര്‍ഥനയും നടത്തി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍